ഭോജ്ശാല തർക്കഭൂമി സരസ്വതീ ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; മുസ്ലിംങ്ങൾക്ക് നമസ്കാരത്തിനുള്ള അനുമതി റദ്ദാക്കി

ഇൻഡോർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദപരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതീ ക്ഷേത്രമാണെന്ന് (വാഗ്ദേവി ക്ഷേത്രം) മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വിധിച്ചു. ഇതോടെ, ഇവിടെ മുസ്ലിം വിഭാഗത്തിന് നമസ്കാരം നടത്തുന്നതിനായി 2003-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പുറപ്പെടുവിച്ചിരുന്ന ഉത്തരവ് കോടതി പൂർണ്ണമായും റദ്ദാക്കി. പള്ളി സ്ഥാപിക്കുന്നതിനായി മുസ്ലിം പക്ഷത്തിന് മറ്റൊരു സ്ഥലം കണ്ടെത്തി നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.

ലഭ്യമായ ചരിത്രരേഖകളും പുരാവസ്തു വസ്തുക്കളും പരിശോധിച്ചതിൽ നിന്നും തർക്കസ്ഥലം ഭോജ്ശാലയാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കാലങ്ങളായി ഈ സ്ഥലത്ത് നിയന്ത്രിതമായ രീതിയിലാണെങ്കിലും ഹിന്ദു ആരാധനയുടെ തുടർച്ചയുണ്ടായിരുന്നുവെന്നും ജഡ്ജിമാർ വിലയിരുത്തി. ചരിത്രപരവും പുരാവസ്തു പ്രാധാന്യവുമുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നിസ്കരിക്കാനും അനുമതി നൽകിയായിരുന്നു 2003 ഏപ്രിൽ 7-ന് എ.എസ്.ഐ ഉത്തരവ് ഇറക്കിയിരുന്നത് . കോടതിയുടെ പുതിയ ഉത്തരവോടെ ഈ സംവിധാനം ഇല്ലാതാകും. തർക്കസ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ വിധി പ്രസ്താവം.

Madhya Pradesh High Court says Bhojshala disputed site is Saraswati temple; Muslims’ permission to offer prayers cancelled

More Stories from this section

family-dental
witywide