ഇറാനെതിരെയുള്ള ട്രംപിൻ്റെ ആണവാക്രമണ നീക്കം തടഞ്ഞത് ജനറൽ ഡാൻ കെയ്ൻ; അവകാശവാദവുമായി മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ, തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇറാനെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൗരവമായി ആലോചിച്ചിരുന്നുവെന്നും, എന്നാൽ യു.എസ് സൈനിക മേധാവിയുടെ ശക്തമായ ഇടപെടലോടെയാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നും മുൻ സി.ഐ.എ വിശകലന വിദഗ്ധൻ ലാറി ജോൺസൺ. യു.എസ് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ‘തീർത്തും പറ്റില്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ട്രംപ് ആണവാക്രമണ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാറി ജോൺസൺ ഈ സ്ഫോടനാത്മക വെളിപ്പെടുത്തൽ നടത്തിയത്.

കഴിഞ്ഞ ഏപ്രിൽ 18-ന് പെൻ്റഗണിൽ നടന്ന അടിയന്തര യോഗത്തിൽ ട്രംപ് ആണവായുധ പ്രയോഗത്തെക്കുറിച്ച് ആരാഞ്ഞിരുന്നുവെന്ന് ജോൺസൺ പറയുന്നു. എന്നാൽ ജനറൽ കെയ്ൻ ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുകയും, യോഗത്തിന് ശേഷം തലതാഴ്ത്തിയാണ് അദ്ദേഹം മടങ്ങിയതെന്നും ജോൺസൺ ആരോപിച്ചു. എന്നാൽ അത്തരമൊരു യോഗം നടന്നതായി സ്ഥിരീകരിച്ച ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. കെയ്‌ൻ്റെ എതിർപ്പിനെത്തുടർന്ന് ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് ട്രംപ് പിന്നീട് പരസ്യമായി പ്രസ്താവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈന്യത്തിൻ്റെ കമാൻഡ് ഘടനയനുസരിച്ച് സർവ്വസൈന്യാധിപൻ എന്ന നിലയിൽ പ്രസിഡൻ്റ് ട്രംപിന് ആണവായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിടാൻ കഴിയുമെങ്കിലും, പ്രസിഡൻ്റിൻ്റെ മുതിർന്ന സൈനിക ഉപദേശകൻ എന്ന നിലയിലാണ് ജനറൽ കെയ്ൻ ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് ജോൺസൺ പറയുന്നത്. തൻ്റെ ഉപദേശം അവഗണിച്ച് ട്രംപ് മുന്നോട്ട് പോയിരുന്നെങ്കിൽ ജനറൽ കെയ്ൻ പദവി രാജിവെക്കുമായിരുന്നുവെന്നും ജോൺസൺ വ്യക്തമാക്കി. ഇത് രാഷ്ട്രീയപരമായ ഒരു തീരുമാനമായിരുന്നില്ല, മറിച്ച് ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ കൃത്യമായ നിലപാടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 7-ന് ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇറാനെതിരെ യു.എസ് ആണവാക്രമണത്തിന് മുതിർന്നേക്കുമെന്ന ഭീതി ആദ്യം പരത്തിയത്. “ഒരു സമ്പൂർണ്ണ സംസ്കാരം ഇന്ന് രാത്രി ഇല്ലാതാകും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല,” എന്നായിരുന്നു ട്രംപിൻ്റെ കുറിപ്പ്. എന്നാൽ, തൊട്ടടുത്ത ദിവസം അദ്ദേഹം വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 28-ന് ഇറാന് നേരെ യു.എസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണങ്ങളോടെയാണ് മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ആറ്റം ബോംബുകൾ വർഷിച്ചുകൊണ്ട്, ലോക ചരിത്രത്തിൽ യുദ്ധത്തിൽ ആണവായുധം ഉപയോഗിച്ച ഏക രാജ്യം അമേരിക്കയാണ്.

ജോൺസണെ തള്ളി വൈറ്റ് ഹൗസ്

പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി. ഔദ്യോഗിക യോഗങ്ങളിലോ പ്രതിരോധ വകുപ്പിന്റെ രേഖകളിലോ ഇങ്ങനെയൊരു സംഭവം നടന്നതായി യാതൊരു സൂചനയുമില്ലെന്ന് വിവിധ മാധ്യമങ്ങളും വസ്തുതാ അന്വേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

General Dan Kaine stopped Trump’s nuclear strike on Iran; Former CIA officer claims, White House denies

More Stories from this section

family-dental
witywide