വകുപ്പ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ്; ഫോർമുലയുമായി കോൺഗ്രസ്, കൻ്റോൺമെൻ്റ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് തിരുവനന്തപുരത്തെ കൻ്റോൺമെൻ്റ് ഹൗസിൽ തുടക്കമായി. ഘടകകക്ഷികളുമായി വ്യക്തിഗതമായി നടത്തുന്ന ചർച്ചകളിലൂടെ വകുപ്പ് വിഭജനത്തിലും മന്ത്രിസ്ഥാനങ്ങളിലും എത്രയും വേഗം അന്തിമ തീരുമാനമെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ചർച്ചകളുടെ തുടക്കത്തിൽ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പ്രാരംഭ നിർദ്ദേശ പ്രകാരം 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളും കോൺഗ്രസ് കൈവശം വെക്കും. മുസ്ലിം ലീഗിന് 4 മന്ത്രിസ്ഥാനവും ഭരണപരിഷ്കാര ചെയർമാൻ പദവിയും നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകുമ്പോൾ, ആർഎസ്പി, സിഎംപി, ജേക്കബ് ഗ്രൂപ്പ് എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതം നൽകാനാണ് ആദ്യഘട്ടത്തിലെ നിർദ്ദേശം. എന്നാൽ ചർച്ചകൾ പുരോഗമിക്കുന്ന മുറയ്ക്ക് ഈ ഫോർമുലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശക്തമായി ഉറച്ചുനിൽക്കുകയാണ്. കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ലാത്തതിനാൽ, ഒരു മന്ത്രിസ്ഥാനമേ ലഭിക്കൂ എങ്കിൽ നിർണായകമായ റവന്യൂ വകുപ്പ് തങ്ങൾക്ക് വേണമെന്ന നിലപാട് ജോസഫ് ഗ്രൂപ്പ് സ്വീകരിക്കും.

കോൺഗ്രസ് നൽകുന്ന 4 മന്ത്രിസ്ഥാനവും ഭരണപരിഷ്കാര ചെയർമാൻ പദവിയും അടങ്ങുന്ന ഓഫർ മുസ്ലിം ലീഗ് സ്വീകരിക്കുമോ എന്ന കാര്യത്തിലും ഈ ചർച്ചയ്ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ഘടകകക്ഷികളുടെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകുന്നതോടെ യുഡിഎഫ് മന്ത്രിസഭയുടെ അന്തിമ ചിത്രം വ്യക്തമാകും.

Crucial discussions at Cantonment House: UDF cabinet formation talks begin

More Stories from this section

family-dental
witywide