
യു.എസിലെ ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ 3.5 ശതമാനം നികുതി നല്‍കേണ്ടി വരും. ട്രംപിൻ്റെ പുതിയ ടാക്സ് ബിൽ നിയമമാകുന്നതോടെയാണ് ഇത് നിലവിൽ വരിക. യുഎസ് പൌരന്മാരല്ലാത്തവർ യുഎസിനേക്ക് പുറത്തേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി നൽകണം എന്നായിരുന്നു ആദ്യ നിർദേശം. യുഎസ് പൌരന്മാരല്ലാത്ത നിരവധി പ്രവാസികളുടെ അഭ്യർഥനയെ മാനിച്ചാണ് ഇത് 3.5 ശതമാനമാക്കിയത്.
നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍ പ്രതിനിധി സഭയില്‍ പാസായി. കൂടുതല്‍ നികുതികള്‍ ചുമത്തി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുളള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെ കരുതുന്നത്.
ബില്‍ 2026 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വരിക. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരിലാണ് ഈ നികുതി നിര്‍ദേശം അറിയപ്പെടുന്നത്. ബില്ലില്‍ 5% നിര്‍ദേശിച്ചിരുന്നെങ്കിലും അത് 3.5% ആയി കുറഞ്ഞത് വിദേശികള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ 2.9 മില്യണ്‍ ആളുകളാണ് യുഎസില്‍ ഉള്ളത്. യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവുമധികമായി ഇന്ത്യക്കാര്‍ എത്തുന്ന രാജ്യമെന്ന ഖ്യാതിയും യുഎസിനു തന്നെ. മെക്‌സിക്കോക്കാര്‍ കഴിഞ്ഞാല്‍ യുഎസില്‍ ഏറ്റവുമധികമുള്ള വിദേശികളും ഇന്ത്യക്കാരാണ് എന്നാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
യു.എസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹങ്ങളിലൊന്നായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുന്നതാണ് പുതിയ നിയമം. ഗ്രീന്‍ കാര്‍ഡ് ഉടമകളും തൊഴില്‍ വിസയിലുള്ള വ്യക്തികളും ഇത്തരത്തില്‍ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി അടയ്ക്കണം.