റഷ്യൻ മിസൈലുകളെ തടുക്കാൻ സ്വന്തം പ്രതിരോധ കവചം വേണം; യൂറോപ്പിനോട് അടിയന്തര ആഹ്വാനവുമായി സെലൻസ്കി

അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ റഷ്യക്കെതിരെ ആഗോള പ്രതിരോധ സഖ്യം ശക്തമാക്കണമെന്ന അടിയന്തിര ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ അത്യാധുനിക ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളുടെ ഉത്പാദനത്തിന് യൂറോപ്യൻ സഖ്യകക്ഷികൾ അടിയന്തിരമായി മുൻഗണന നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.

യുദ്ധമുഖത്ത് റഷ്യക്ക് മേൽക്കൈ നൽകുന്ന ഒരേയൊരു പ്രധാന ഘടകം അവരുടെ ഈ ബാലിസ്റ്റിക് മിസൈലുകളാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്നത് യൂറോപ്പിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരന്തരം പതിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനാണ് കവർന്നത്. അതുകൊണ്ട് തന്നെ ഇത് കേവലം യുക്രെയ്ന്റെ മാത്രം പ്രശ്നമല്ലെന്നും ആഗോള പ്രാധാന്യമുള്ള അതീവ ഗുരുതരമായ വിഷയമാണെന്നും സെലൻസ്കി ഓർമ്മിപ്പിച്ചു.

വിശ്വസ്തരായ പങ്കാളികളെന്ന നിലയിൽ നമ്മൾ പരസ്പരം അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്, നാറ്റോയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു പൊതു സുരക്ഷാ സമൂഹത്തിന്റെ ഭാഗമായി യുക്രെയ്നെ മാറ്റുന്നത് തികച്ചും സ്വാഭാവികമായ നീക്കമായിരിക്കുമെന്നും യൂറോപ്യൻ നേതാക്കളോടായി സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യയുടെ വ്യോമാക്രമണങ്ങൾക്കെതിരെ കൂടുതൽ സുരക്ഷാ സഹായം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ പ്രസിഡന്റ് നാറ്റോ വേദിയിൽ ഈ ശക്തമായ നിലപാട് ഉന്നയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide