ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണ തെറ്റിച്ച് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; ജറുസലേമിലെ ജൂത വിലക്കുള്ള അൽ അഖ്സ പള്ളിയിലെത്തി പ്രാർഥന നടത്തി

ജറുസലേം: ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ആരാധകരുമായി എത്തി പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദ‌ങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെയാണ് മന്ത്രി ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിൻ്റെ ഭാഗമായി പ്രാർഥന നടത്തിയത്. ടെമ്പിൾ മൗണ്ട് എന്ന് ജൂതന്മാർ വിളിക്കുന്ന അൽ അഖ്സ പള്ളിയിൽ ദശാബ്ദങ്ങളായി ജൂതർ പ്രാർഥന നടത്താറില്ലായിരുന്നു. പ്രാർഥനയ്ക്കു ശേഷം, ഗാസ കീഴടക്കാനും ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തു.

തിഷാ ബിആവ് അനുസ്‌മരണങ്ങൾ ഉൾപ്പെടെ മുൻപും പലതവണ ബെൻ ഗ്വിർ ഈ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്. അൽ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിൻ്റെ ഈ നടപടിയെ അപലപിച്ചു. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിൻ്റെ ഭാഗമായ ധാരണ പ്രകാരം മുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.

സംഭവത്തിൽ, അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പലസ്ത‌ീൻ മതകാര്യ മന്ത്രാലയവും ബെൻ ഗ്വിറിനെ അപലപിച്ചു. പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണ് ഇതെന്ന് ഹമാസും പറഞ്ഞു. അതേസമയം, ടെമ്പിൾ മൗണ്ടിലെ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide