മാഡ്രിഡ് : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകൾ ഉയരാൻ കാരണമായേക്കാമെന്നും അതിനാൽ ഉയർന്ന നിരക്കുകൾ ഒഴിവാക്കുന്നതിനായി യാത്രക്കാർ എത്രയും വേഗം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും സ്പെയിനിലെ വ്യവസായ -ടൂറിസം മന്ത്രി പറഞ്ഞു. ഇന്ധനച്ചെലവ് വർധിക്കുന്നത് വിമാനടിക്കറ്റ് നിരക്കുകൾ ഉയർത്താൻ കാരണമായേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്ന് സ്പാനിഷ് സാമ്പത്തിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി ജോർഡി ഹെറൂ വ്യക്തമാക്കി.
ഇപ്പോൾ തന്നെ വിമാനയാത്രക്കാർ ടിക്കറ്റുകൾ വാങ്ങണമെന്നാണ് ശുപാർശ ചെയ്യുന്നത്. കാരണം വിമാനക്കമ്പനികൾ നിലവിൽ ഉപയോഗിക്കുന്നത് നേരത്തെ വാങ്ങി സൂക്ഷിച്ച എണ്ണയാണ്. അതിനാൽ തന്നെ വിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ (ടിക്കറ്റ് നിരക്കിനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഹെറൂ പറഞ്ഞു.ഇന്ധനക്ഷാമം ഒഴിവാക്കാൻ സ്പാനിഷ്, യൂറോപ്യൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും യൂറോപ്യൻ മേഖലയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ സ്പെയിനിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ എണ്ണ ശേഖരമുണ്ടെന്നും ഉയർന്ന ഉല്പാദന ശേഷിയുണ്ടെന്നും ഹെറൂ കൂട്ടിച്ചേർത്തു.
ഇറാനുനേരെ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസങ്ങൾ വിമാനയാത്രാ ടിക്കറ്റ് വിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ റെക്കോർഡ് വിനോദസഞ്ചാരികളെ സ്വീകരിച്ചുകൊണ്ട് സ്പെയിൻ വലിയ മുന്നേറ്റം നടത്തിയിരുന്നു. 9.7 കോടി സഞ്ചാരികളാണ് സ്പെയിൻ സന്ദർശിച്ചത്. 2024നേക്കാൾ 3.5 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.
അതേസമയം, ഈ വർഷവും സമാനമായ വളർച്ചാ നിരക്ക് നിലനിർത്താൻ സ്പെയിനിന് സാധിക്കുമെന്ന് വ്യവസായ – ടൂറിസം മന്ത്രി ജോർഡി ഹെറൂ വ്യക്തമാക്കി. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്പെയിനിന്റെ സ്വാധീനം വർധിച്ചുവരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
Middle East conflict; Spain’s tourism minister warns of possible increase in air ticket prices













