അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെയും പ്രാപ്തിയെയും രൂക്ഷമായി വിമർശിച്ച് ഇറാൻ. പാകിസ്താൻ ഒരിക്കലും നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അവർ എപ്പോഴും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി ആരോപിച്ചു. ഒരു മധ്യസ്ഥൻ പാലിക്കേണ്ട നിഷ്പക്ഷത പാകിസ്താനില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നതെന്നും ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവ് കൂടിയായ റെസായി വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ ചില നിർണ്ണായക ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങൾക്കുനേരെ ഇനി ആക്രമണമുണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകിയാൽ ആണവ വിഷയത്തിലും ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയാകാമെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യങ്ങൾ രേഖാമൂലം അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഒമാൻ സന്ദർശനത്തിന് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
പാകിസ്താൻ വഴി സമാധാന സന്ദേശങ്ങൾ കൈമാറാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇറാൻ പുലർത്തുന്ന ഈ അവിശ്വാസം ചർച്ചകളെ പ്രതിസന്ധിയിലാക്കിയേക്കാം. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാൽ മധ്യസ്ഥ രാജ്യങ്ങളുടെ നിലപാടുകൾ നിർണ്ണായകമാണ്. എന്നാൽ പാകിസ്താന്റെ വിശ്വാസ്യതയെ ഇറാൻ പരസ്യമായി ചോദ്യം ചെയ്തതോടെ ഒമാൻ ഉൾപ്പെടെയുള്ള മറ്റ് അയൽരാജ്യങ്ങളുടെ ഇടപെടലുകൾക്കായിരിക്കും ഇനി പ്രാധാന്യം ലഭിക്കുക.
Iran questions Pakistan’s mediation role; accuses it of favoring US interests









