പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കൻ ആക്രമണ ഭീതിയുമടക്കമുള്ള പ്രതിസന്ധികളെ ഇറാൻ കരുത്തോടെ അതിജീവിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയിയുടെ നേതൃത്വത്തിൽ രാജ്യം കൂടുതൽ ശക്തിപെടുമെന്ന പ്രത്യാശയും പുടിൻ പങ്കുവെച്ചു.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനായി റഷ്യയുടെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പുടിൻ ഉറപ്പുനൽകി. ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സുസ്ഥിരതയ്ക്കുമായി റഷ്യ ഇറാനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി അയച്ച സന്ദേശത്തിന് പുടിൻ ചടങ്ങിൽ നന്ദി അറിയിക്കുകയും ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ ഈ പ്രസ്താവന വരുന്നത്. ഒമാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും ഈ സന്ദർശനത്തിൽ വ്യക്തമാക്കി.
Putin backs Iran’s survival; pledges support for peace under Mojtaba Khamenei’s leadership












