വത്തിക്കാൻ സിറ്റി:ആണവോർജ്ജം വിനാശത്തിനല്ല, മറിച്ച് ജീവിതത്തിന്റെ നിലനിൽപ്പിനായി വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് ലോകനേതാക്കളോട് ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. ചെർണോബിൽ ആണവ ദുരന്തത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ആണവോർജ്ജത്തിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിൽ ഏർപ്പെടുന്നവരെയും പ്രകൃതിവിഭവങ്ങൾ ചൂഷണംചെയ്യുന്നവരെയും മാനവികതയുടെ സമാധാനം കവരുന്ന ‘കള്ളന്മാർ’ എന്ന് മാർപാപ്പ വിശേഷിപ്പിച്ചു.
മാനവരാശിയുടെ സമാധാനപൂർണമായ ഭാവി ഇവർ മോഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമിയിലെ വിഭവങ്ങൾ കൊള്ളയടിച്ചും രക്തരൂക്ഷിതമായ യുദ്ധങ്ങൾ നടത്തിയും ഏതെങ്കിലും രൂപത്തിൽ തിന്മയെ പോഷിപ്പിച്ചും സമാധാനത്തിന്റെയും ശാന്തിയുടെയും ഭാവി നഷ്‌ടപ്പെടുത്തുന്ന കള്ളന്മാരെ നമുക്ക് മറക്കാം എന്നും മാർപ്പാപ്പ പറഞ്ഞു.
ആധുനിക ഉപഭോഗസംസ്ക്കാരത്തെയും യുദ്ധക്കൊതിയേയും രൂക്ഷമായി വിമർശിച്ച മാർപ്പാപ്പ, ഭാവിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വബോധം അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു. കൂടുതൽ ശക്തമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. ആണവോർജം എപ്പോഴും ജീവിതത്തെയും സമാധാനത്തെയും പിന്തുണയ്ക്കാൻ മാത്രമായി ഉപയോഗിക്കണമെന്നും തീരുമാനങ്ങൾ എടുക്കുന്ന എല്ലാ തലങ്ങളിലും വിവേകവും ഉത്തരവാദിത്വവും ഉണ്ടായിരിക്കണമെന്നും മാർപാപ്പ പറഞ്ഞു.
അതേസമയം, യുക്രൈനിലെ ചെർണോബിൽ 1986 ഏപ്രിൽ 26-ന് ആണവനിലയത്തിലുണ്ടായ അപകടം ലോകത്തിലെ ഏറ്റവുംവലിയ ആണവ ദുരന്തമായി കണക്കാക്കപ്പെടുന്നു. റിയാക്ടറിന്റെ രൂപകൽപ്പനയിലെ പിഴവുകളും അശ്രദ്ധയുമാണ് റിയാക്ടർ പൊട്ടിത്തെറിക്കാൻ കാരണമായത്. റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു അപകടം വീണ്ടും സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മാർപ്പാപ്പയുടെ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ.
Nuclear energy should be used wisely, not for destruction; Pope calls those who use it in war ‘thieves’ who steal peace














