ട്രംപ് പറഞ്ഞു, കൊക്കോ കോള കേട്ടു! കൃത്രിമ മധുരം ഒഴിവാക്കി; ഇനി കരിമ്പില്‍ നിന്നുള്ള മധുരം, ചോള കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇത് കയ്‌പ്പേറിയ വാര്‍ത്ത

വാഷിംഗ്ടണ്‍ : യു.എസില്‍ വില്‍ക്കുന്ന കൊക്കോ-കോള പാനിയത്തില്‍ കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

‘അമേരിക്കയിലെ കോക്കില്‍ യഥാര്‍ത്ഥ കരിമ്പ് പഞ്ചസാര ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞാന്‍ കൊക്കോ-കോളയുമായി സംസാരിച്ചുകൊണ്ടിരുന്നു, അവര്‍ അങ്ങനെ ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്,’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി. ‘കൊക്കോ-കോളയിലെ അധികാരികളായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു എന്നും ട്രംപ് കുറിച്ചു.

ഇതില്‍ കൊക്കോ-കോളയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പൊന്നും എത്തിയിട്ടില്ല. എങ്കിലും കൊക്കോ-കോള വക്താവ് ‘പ്രസിഡന്റ് ട്രംപിന്റെ ആവേശത്തെ അഭിനന്ദിക്കുന്നു’ എന്നും ‘ഞങ്ങളുടെ കൊക്കോ-കോള ഉല്‍പ്പന്ന ശ്രേണിയിലെ പുതിയ നൂതന ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കിടുമെന്നും’ അറിയിച്ചിട്ടുണ്ട്.

കൊക്കകോള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ കോണ്‍ സിറപ്പാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ഈ ചേരുവയുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മെക്‌സിക്കോ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ലഭ്യമാകുന്ന കോളയില്‍ കരിമ്പ് പഞ്ചസാരയാണ് ഉപയോഗിക്കുന്നത്.

അറ്റ്‌ലാന്റ ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ പാനീയങ്ങളില്‍ പഞ്ചസാര കുറയ്ക്കുന്നതില്‍ അധിക ശ്രദ്ധ നല്‍കന്നുണ്ടെന്ന് ഏപ്രിലില്‍, കൊക്കകോള സിഇഒ ജെയിംസ് ക്വിന്‍സി നിക്ഷേപകരോട് പറഞ്ഞിരുന്നു. അതേസമയം, ചോളത്തിനു പകരം കോളയില്‍ കരിമ്പ് സ്ഥാനം പിടിച്ചാല്‍ അത് അമേരിക്കന്‍ ചോള കര്‍ഷകര്‍ക്ക് കയ്‌പേറിയ അനുഭവമാകും സമ്മാനിക്കുക എന്നും വിലയിരുത്തലുണ്ട്. ഈ നീക്കത്തിനെതിരെ കോണ്‍ റിഫൈനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും സിഇഒയുമായ ജോണ്‍ ബോഡ് രംഗത്തെത്തിയിരുന്നു. ‘ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പ് പഞ്ചസാര ഉപയോഗിക്കുന്നത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ കാരണമാകും, കാര്‍ഷിക വരുമാനം കുറയ്ക്കും, വിദേശ പഞ്ചസാരയുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കും ‘- അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, യുഎസ് ആരോഗ്യ സെക്രട്ടറിയും അദ്ദേഹത്തിന്റെ മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ നീക്കവും , കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കോണ്‍ സിറപ്പ്, വിത്ത് എണ്ണകള്‍, കൃത്രിമ ചായങ്ങള്‍ തുടങ്ങിയ ചേരുവകള്‍ നീക്കം ചെയ്യണമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവിനെ വിമര്‍ശിക്കുന്ന യുഎസ് ആരോഗ്യ സെക്രട്ടറി കെന്നഡി രാജ്യവ്യാപകമായ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide