
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു. ഏപ്രിൽ 19 വരെ മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് നിലനിൽക്കുന്ന ജില്ലകളിൽ പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ,
കോട്ടയം: 38°C വരെ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽമഴയിൽ ഏകദേശം 60 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണഗതിയിൽ ചൂടിന് ആശ്വാസമാകേണ്ട മിന്നലോടു കൂടിയ മഴ ഇത്തവണ പല ജില്ലകളിലും നാമമാത്രമായി ചുരുങ്ങി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരണ്ട ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് ചൂട് വർധിക്കാൻ മറ്റൊരു കാരണം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനു പകരം കരയിൽ നിന്നുള്ള വരണ്ട കാറ്റ് ശക്തമായി. ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ വലിയ മാറ്റമുണ്ടാക്കി. അന്തരീക്ഷത്തിലെ ഈർപ്പത്തിലുണ്ടായ ഈ വ്യതിയാനം മഴ നൽകുന്ന മേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ടെങ്കിലും, അത് നിലവിലെ കടുത്ത ചൂടിന് ശമനം നൽകാൻ പര്യാപ്തമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പലയിടങ്ങളിലും അന്തരീക്ഷം അത്യന്തം വരണ്ട നിലയിൽ തുടരുകയാണ്.
കടുത്ത ചൂട് മൂലമുണ്ടാകുന്ന സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താഴെ പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒആർഎസ് (ORS), ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്, അവയ്ക്കും പക്ഷികൾക്കും തണലും കുടിവെള്ളവും ഉറപ്പാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ ഉച്ചസമയത്ത് വിശ്രമം ഉറപ്പാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം. ചൂട് മൂലമുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.
Kerala is burning: Yellow alert in 12 districts, high alert in 19; situation similar to heat wave













