ബൈഡന്റെ ഭരണകൂടത്തില്‍ അഴിമതിയും കഴിവില്ലായ്മയും, ഇനി ‘അമേരിക്കയുടെ സുവര്‍ണ്ണകാലം’; അധികാരമേറ്റ ശേഷം ട്രംപിന്റെ പ്രസംഗം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ സ്ഥാനമൊഴിഞ്ഞ ജോ ബൈഡന്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്.

അഴിമതിയും കഴിവില്ലായ്മയും കാരണം അവര്‍ രാജ്യത്തിന്റെ അതിര്‍ത്തികളെ അപകടത്തിലാക്കിയിട്ടുണ്ടെന്ന് ട്രംപ് പ്രസ്താവിച്ചു. തന്റെ പുതിയ ഭരണകൂടം രാജ്യത്തിന് സമഗ്രത, വിശ്വസ്തത, കഴിവ് എന്നിവ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ‘അമേരിക്കയുടെ സുവര്‍ണ്ണകാലം’ ആയിരിക്കുമെന്നും താന്‍ എപ്പോഴും ‘അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും’ യുഎസ് പ്രസിഡന്റ് ട്രംപ് ക്യാപിറ്റോളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

”നമ്മള്‍ പഴയതുപോലെ മഹത്തായ രാഷ്ട്രമായി മാറും. ലോകം മുഴുവനും നമ്മളോട് അസൂയപ്പെടും. എല്ലാ അമേരിക്കക്കാര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു, ഞാന്‍ എപ്പോഴും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന്. വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇന്ന് മുതല്‍, ആഗോളതലത്തില്‍ അമേരിക്കയുടെ തകര്‍ച്ച അവസാനിച്ചു. നമ്മുടെ റിപ്പബ്ലിക് വീണ്ടെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍, നമ്മുടെ രാജ്യത്തിന്റെ 250 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റേതൊരു യുഎസ് പ്രസിഡന്റിനേക്കാളും കൂടുതല്‍ തവണ എന്നെ ലക്ഷ്യം വച്ചിട്ടുണ്ട്”- ട്രംപ് പറഞ്ഞു.

ഞാന്‍ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ്. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാന്‍ പോകുന്ന ഉത്തരവുകളെ സംബന്ധിച്ചും ട്രംപ് പരാമര്‍ശിച്ചു. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.യു.എസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

തനിക്കെതിരായി നടന്ന വധ ശ്രമത്തെയും ട്രംപ് ആയുധമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തന്റെ ചെവിയിലൂടെ ഒരു വെടിയുണ്ട തുളച്ചുകയറിയെന്നും വധശ്രമമുണ്ടായെന്നും പറഞ്ഞ ട്രംപ് പക്ഷേ ദൈവം തന്നെ രക്ഷിച്ചുവെന്നും കാരണം എന്റെ ലക്ഷ്യം ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നതാണെന്നും പ്രസംഗിച്ചു.

നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ ദൈവത്തെയും നമ്മള്‍ മറക്കില്ലെന്നും 2025 ജനുവരി 20 എല്ലാ അമേരിക്കക്കാരും വിമോചന ദിനമായി എന്നെന്നേക്കുമായി ഓര്‍ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനിടെ, പനാമ കനാലിന്റെ നിയന്ത്രണം പനാമ രാജ്യത്തിന് വിട്ടുകൊടുക്കുന്നത് ഒരു ‘മണ്ടത്തരമായ സമ്മാനം’ ആണെന്ന് ട്രംപ് പറഞ്ഞുവെച്ചു. മാത്രമല്ല, അമേരിക്കയ്ക്കുവേണ്ടി പനാമ കനാലിന്റെ നിയന്ത്രണം തിരികെ എടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ഇന്ന് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി

More Stories from this section

family-dental
witywide