ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി: 18000 ഇന്ത്യൻ നാവികർക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷ പശ്ചാത്തലത്തിൽ, ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും സർവീസ് നടത്തുന്ന ഇന്ത്യൻ നാവികർക്കായി കേന്ദ്ര സർക്കാർ അടിയന്തര സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ മേഖലകളിൽ ജോലി ചെയ്യുന്ന പതിനെട്ടായിരത്തോളം ഇന്ത്യൻ നാവികർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടു.

ചരക്കുകപ്പലുകൾക്ക് നേരെ അടുത്തിടെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്നാണ് ഈ നടപടി. ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായത്. ഒമാൻ തീരത്തുണ്ടായ മാരകമായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും കപ്പൽ ജീവനക്കാരെ കാണാതാവുകയും ചെയ്തിരുന്നു. അമേരിക്കൻ സേനയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ഇറാനിയൻ എണ്ണ കടത്തുകയായിരുന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ

  • കപ്പൽ ഉടമകളും ക്യാപ്റ്റന്മാരും അടിയന്തര സുരക്ഷാ പരിശോധനകൾ നടത്തണം.
  • കപ്പലുകളിലെ ‘ഷിപ്പ് സെക്യൂരിറ്റി അലർട്ട് സിസ്റ്റങ്ങൾ’ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ഡ്രോണുകൾ, മിസൈലുകൾ, ആളില്ലാ ഉപരിതല ബോട്ടുകൾ എന്നിവ വഴിയുള്ള പുതിയ രീതിയിലുള്ള ആക്രമണങ്ങൾക്കെതിരെ കനത്ത ജാഗ്രത വേണം.
  • സംശയസ്പദമായ സാഹചര്യങ്ങളോ അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡിജി കമ്മ്യൂണിക്കേഷൻ സെന്റർ, ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ എന്നിവരെ അറിയിക്കണം.

നിലവിൽ ഇന്ത്യൻ പതാകയുള്ള 13 കപ്പലുകളിലായി 622 ഇന്ത്യൻ നാവികർ ഈ മേഖലയിലുണ്ട്. ഇതിനുപുറമെ, ഗൾഫ് മേഖലയിലെ വിദേശ കപ്പലുകളിലായി 18,000 ഓളം ഇന്ത്യക്കാരും ജോലി ചെയ്യുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ നാവിക തൊഴിലാളി ശക്തിയായ ഇന്ത്യയ്ക്ക് (ആകെ 3.2 ലക്ഷം ജീവനക്കാർ) കപ്പലുകളുടെ സുരക്ഷ ഏറെ നിർണ്ണായകമാണ്.

സംഭവത്തിൽ അമേരിക്കയോട് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നാവികസേന, മറ്റ് അന്താരാഷ്ട്ര സമുദ്ര ഏജൻസികൾ എന്നിവരുമായി ചേർന്നുള്ള നയതന്ത്ര നീക്കങ്ങൾ ന്യൂഡൽഹി ശക്തമാക്കിയിട്ടുണ്ട്.

Security threat in the Strait of Hormuz: 18,000 Indian sailors on alert

More Stories from this section

family-dental
witywide