ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ല് തകർന്നു, ഭാഗവത് സുരക്ഷിതൻ, ഒരാൾ പിടിയിൽ

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിനുനേരെ ഉത്തർപ്രദേശിൽ വെച്ച് വ്യാപക കല്ലേറുണ്ടായതായി റിപ്പോർട്ട്. കാൺപുരിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന സ്വർണ ശതാബ്ദി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി 7.15 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന എസി ഫസ്റ്റ് ക്ലാസ് കോച്ചിൻ്റെ ജനൽച്ചില്ലുകൾ തകർന്നുവെങ്കിലും അദ്ദേഹം ഉൾപ്പെടെയുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലുള്ള മക്കാൻപൂർ സ്റ്റേഷൻ പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അജ്ഞാതരായ അക്രമികൾ കല്ലെറിഞ്ഞത്. കല്ല് വന്ന് പതിച്ച വശത്തിന് എതിർവശത്തുള്ള സീറ്റിലായിരുന്നു മോഹൻ ഭാഗവത് ഇരുന്നിരുന്നത് എന്നതിനാലാണ് അദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കല്ലേറിൽ കോച്ചിൻ്റെ പുറംഭാഗത്തെ ജനൽച്ചില്ല് പൂർണ്ണമായും തകർന്നു. സംഘടനാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനായുള്ള യാത്രയിലായിരുന്നു അദ്ദേഹം. 

സംഭവത്തെ തുടർന്ന് അടുത്തുള്ള ടുണ്ട്‌ല ജങ്ഷന് പുറത്തായി ട്രെയിൻ നിർത്തിയിടുകയും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സുരക്ഷാ പരിശോധനകൾ ഉറപ്പുവരുത്തിയ ശേഷം രാത്രി 7.41 ഓടെയാണ് ട്രെയിൻ ഡൽഹിയിലേക്ക് യാത്ര തുടർന്നത്. 

സംഭവത്തിൽ റെയിൽവേ പൊലീസും ലോക്കൽ പൊലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കല്ലേറുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ഫിറോസാബാദ് എസ്എസ്പി ആദിത്യ ലാംഗെ അറിയിച്ചു. ഫിറോസാബാദ് മേഖലയിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത് സാധാരണ അക്രമമാണോ അതോ ആസൂത്രിതമായ നീക്കമാണോ എന്ന കാര്യവും പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്.

Stones pelted at Shatabdi Express carrying RSS chief Mohan Bhagwat; window broken.