വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ വെടിവച്ച് കൊന്നു; അക്രമം പൊലീസിനു മുന്നിൽ

ഗ്വാളിയോര്‍: വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.

ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു.

തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. നാട്ടുപഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ തനിക്ക് വീട്ടില്‍ താമസിക്കാനാകില്ലെന്നും മഹിളാമന്ദിരത്തിലേക്ക് മാറ്റണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.

ഇതിനിടെയാണ് മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.

പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ഇതിനിടെ പ്രതികള്‍ തോക്ക് ചൂണ്ടി പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍, പൊലീസ് സംഘം മഹേഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.

Father Shoots Daughter Just Days Before Wedding

More Stories from this section

family-dental
witywide