
ഒമാൻ തീരത്ത് യു.എസ്. നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം കനത്ത ഞെട്ടലിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ‘കോംപ്രമൈസ്ഡ്’ ആയ പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച പ്രധാനമന്ത്രിക്ക്, ഇന്ത്യൻ നാവികരെ ക്രൂരമായി കൊലപ്പെടുത്തിയവരെ ശക്തമായി എതിർക്കാനുള്ള ധൈര്യമോ ശക്തിയോ ഇല്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ചു.
ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഒമാൻ തീരത്ത് വെച്ച് ‘എം.ടി. ജൽവീർ’ എന്ന കപ്പലിന് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തിയത്. പോർവിമാനത്തിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തുവിട്ട് കപ്പലിന്റെ എഞ്ചിൻ റൂം പൂർണ്ണമായും തകർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഈ മേഖലയിൽ അമേരിക്ക ഇതുവരെ ഒൻപതോളം കപ്പലുകൾക്ക് നേരെയാണ് ഇത്തരത്തിൽ ആക്രമണം നടത്തിയിട്ടുള്ളത്.
ആക്രമണത്തിന് ഇരയായ എം.ടി. ജൽവീർ കപ്പലിൽ ആകെ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ മരണപ്പെടുകയും മറ്റുള്ളവരെ ഒമാന്റെ സഹായത്തോടെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. നാവികരുടെ മരണത്തിൽ ഇന്ത്യ ഔദ്യോഗികമായി അമേരിക്കയോട് കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പരസ്യ പ്രതികരണങ്ങൾ ഉണ്ടാകാത്തതാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.
Rahul Gandhi Hits Out at PM Modi Over US Attack on Ship Leaving Three Indian Sailors Dead Near Oman Coast













