
തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരനായ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ അഖിലയും പങ്കാളി അഷ്കറും റിമാൻഡിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അഷ്കർ പൊലീസിനോട് സമ്മതിച്ചത്. കരിക്കുഴിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾ, ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ പ്രകോപിതനായി മർദ്ദിക്കുകയും തല ഭിത്തിയിലിടിപ്പിക്കുകയുമായിരുന്നു എന്നാണ് മൊഴി. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിക്രൂരമായ പീഡനങ്ങളാണ് ഈ ഒന്നരവയസുകാരൻ നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും കാലിലും ഉൾപ്പെടെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവുകളും കാലുകളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങളും ഉണ്ടായിരുന്നു. അഷ്കറിന്റെ ക്രൂരതകളെക്കുറിച്ച് അഖിലയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴിയെങ്കിലും, പീഡനം തടയാൻ ശ്രമിക്കാതിരുന്ന അമ്മയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, രണ്ട് മക്കളെ നേരത്തെ നഷ്ടപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയ്ക്കും തങ്ങളുടെ ആകെ അവശേഷിച്ച കൊച്ചുമകനെ ഒരിക്കൽ പോലും ജീവനോടെ കാണാൻ സാധിച്ചില്ലെന്നത് നോവായി മാറുന്നു. മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവിനെയും ഭർതൃവീടിനെയും ഉപേക്ഷിച്ചുപോയ അഖില കുഞ്ഞിന്റെ ജനനവിവരങ്ങൾ പോലും അവരെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ അച്ഛൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കുഞ്ഞിന്റെ കൈ ഒടിഞ്ഞ വിവരമറിഞ്ഞ് അവനെ വിട്ടുകിട്ടാൻ നിയമപരമായി ശ്രമിക്കുന്നതിനിടയിലാണ് പിതാവിന്റെ കുടുംബത്തെ തേടി കുഞ്ഞിന്റെ മരണവാർത്തയെത്തുന്നത്.
Toddler Tortured to Death in Nedumangad: Mother and Partner Remanded as Post-Mortem Reveals 51 Wounds















