
വാഷിംഗ്ടണ്‍: അമേരിക്കന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള യൂറോപ്പിന്‍റെ നയത്തിന് തുടക്കം. യുഎസ് പ്രസിഡന്‍റ് ഉയര്‍ത്തി വിട്ട താരിഫ് യുദ്ധത്തിനും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ നടപടികള്‍ക്കും എതിരായാണ് നീക്കം. അമേരിക്കന്‍ ബഹുരാഷ്ട്ര ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ 15 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ ഫ്രഞ്ച് സംരഭകന്‍ റദ്ദാക്കി.
ഫ്രഞ്ച് കമ്പനിയായ റോയ് എനര്‍ജി ഗ്രൂപ്പിന്റെ സിഇഒ ആയ റൊമെയ്ന്‍ റോയ് ആണ് ടെസ്‌ല വാഹനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയത്. 1.42 കോടി അധികമായി ചെലവാകുമെങ്കിലും, പകരം യൂറോപ്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നിര്‍ണായകമായ തീരുമാനമാണ് റൊമെയ്ന്‍ റോയ് എടുത്തിട്ടുള്ളത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങളും പരിസ്ഥിതി നയങ്ങളെക്കുറിച്ചുള്ള യുഎസ് ഭരണകൂടത്തിന്റെ നിലപാടുമാണ് ഓർഡർ ആക്കാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷങ്ങളായി ടെസ്‌ല വാഹനങ്ങളാണ് ഈ ഫ്രഞ്ച് കമ്പനി ഉപയോഗിക്കുന്നത്. എന്നാൽ ട്രംപിന്‍റെയും മസ്കിന്‍റെയും നിലപാട് ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ 15 ടെസ്‌ല വാഹനങ്ങള്‍ ഉള്‍പ്പെടെ 30-ഓളം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിലെ 15 വാഹനങ്ങളുടെ ഓര്‍ഡറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.