ഇന്ത്യ ആവര്‍ത്തിച്ച് തിരുത്തിയിട്ടും ക്രെഡിറ്റ് എടുത്ത് ട്രംപ്, ‘ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറു വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നു’

ലണ്ടന്‍: ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്നും താന്‍ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താനത് സാധിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറു പ്രധാന യുദ്ധങ്ങള്‍ തടയാന്‍ സാധിച്ചതായും ട്രംപ് പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്‌കോട്ലന്‍ഡില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍, യുഎസ് മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് യുദ്ധം അവസാനിച്ചതെന്നാണ് ഇന്ത്യ ആവര്‍ത്തിച്ച് മറുപടി നല്‍കുന്നത്.

‘ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറു വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു’ ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവര്‍ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്. ഈ നില തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യപാക്ക് യുദ്ധം ഒഴിവാക്കാന്‍ സാധിച്ചതു പോലെ, വ്യാപാര ചര്‍ച്ചകള്‍ കാട്ടി തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. റുവാണ്ടയ്ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കും ഇടയിലും താന്‍ മധ്യസ്ഥത വഹിച്ചെന്നും സെര്‍ബിയയ്ക്കും കൊസോവോയ്ക്കും ഇടയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സംഘര്‍ഷം തടഞ്ഞുവെന്നും ട്രംപ് പറയുന്നു.

Also Read

More Stories from this section

family-dental
witywide