
ടെഹ്റാൻ: അമേരിക്കയുമായുള്ള താൽക്കാലിക സമാധാന കരാറിന്റെ ഭാഗമായി ഖത്തറിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആകെ സമ്പാദ്യത്തിന്റെ പകുതി ടെഹ്റാന് തിരികെ ലഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. ഇറാനിലെ പുണ്യനഗരമായ ഖാമിൽ മുതിർന്ന മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഈ നിർണ്ണായക വിവരം പങ്കുവെച്ചതെന്ന് അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നിം’ റിപ്പോർട്ട് ചെയ്തു.
“നേരത്തെ തയ്യാറാക്കിയ പദ്ധതികളുടെ അടിസ്ഥാനത്തിൽ, ഖത്തറിലുള്ള ഇറാന്റെ ആകെ 12 ബില്യൺ ഡോളർ (1200 കോടി ഡോളർ) നിക്ഷേപത്തിൽ 6 ബില്യൺ ഡോളർ (600 കോടി ഡോളർ) രാജ്യത്തേക്ക് തിരികെ കൊണ്ടുവരും. ബാക്കിയുള്ള തുക കൂടി വിട്ടുലഭിക്കുന്നതിനായുള്ള ആവശ്യമായ തുടർനടപടികൾ അധികൃതർ വേഗത്തിൽ നടത്തിവരികയാണ്.” മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
ഈ മാസം ആദ്യം അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച്, കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പിലാക്കുന്ന മുറയ്ക്ക് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ ആയ മുഴുവൻ ഫണ്ടുകളും ആസ്തികളും ലഭ്യമാക്കാൻ വാഷിംഗ്ടൺ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കുന്നുണ്ട്.
വിദേശ ബാങ്കുകളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പണം തിരികെ നൽകുന്നത് യുഎസുമായുള്ള അന്തിമ കരാറിന്റെ പ്രധാന വ്യവസ്ഥയായിരിക്കണമെന്ന് ഇറാൻ ചർച്ചകളിൽ ഉടനീളം ശക്തമായി വാദിച്ചിരുന്നു. പേർഷ്യൻ ഗൾഫ് മേഖലയിൽ നിലവിൽ തുടരുന്ന രാഷ്ട്രീയ-സൈനിക അസ്വസ്ഥതകൾക്കിടയിലും, തങ്ങൾ ഒപ്പുവെച്ച താൽക്കാലിക കരാർ ഇറാൻ ജനതയ്ക്ക് അനുകൂലമാണെന്ന് ബോധ്യപ്പെടുത്താനാണ് പ്രസിഡന്റിന്റെ ഈ പുതിയ നീക്കമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.













