ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിച്ചേർത്തത് മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടെന്നും കേസിൽ നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കേസിൽ പ്രതിച്ചേർത്തെന്ന പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. 2025 ൽ കൃത്യമായ നടപടിക്രമം പാലിച്ചു. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ആക്ഷേപമെന്നും കേസിൽ പ്രതിച്ചേർത്തതിൽ പി എസ് പ്രശാന്ത് പ്രതികരിച്ചു.
കേസിൽ അത് മാത്രമാണ് ആക്ഷേപം. സ്വർണ്ണപ്പാളികൾ 2025 ഇൽ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവർക്കും അറിയാം. ദ്വാരപാലകശില്പ പാളികൾ അഴിച്ച ശേഷമാണ് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ വിവരം അറിയിച്ചിരുന്നു. കൊണ്ടുപോകരുതെന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞില്ല. കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയെന്നും കോടതിയോട് മാപ്പും പറഞ്ഞിരുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ബോർഡ് കോടതിയിൽ നൽകിയ 2019ലെ ഫയലിൽ നിന്നാണ് ഈ കൊള്ളയുടെ എല്ലാ വിവരങ്ങളും പുറത്തുവരുന്നത്. ഞങ്ങൾക്ക് ഒന്നും മറക്കാനില്ലായിരുന്നു. ദേവസ്വം ബോർഡാണ് സമഗ്ര അന്വേഷണം കോടതിയോട് ആവശ്യപ്പെട്ടതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 2024 സെപ്റ്റംബർ 20നാണ് ദ്വാരപ്പാലക ശില്പങ്ങൾ സംബന്ധിച്ച ഫയൽ ബോര്ഡിന് മുന്നിൽ എത്തുന്നത്. ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും അതുവരെ ബോർഡിന് മുന്നിൽ വന്നിട്ടില്ല. ഏതെങ്കിലും ഒരു റിപ്പോർട്ട് ബോർഡിന് മുന്നിൽ ഉണ്ടായിരുന്നില്ല, അത് അട്ടിമറിച്ചാണ് വീണ്ടും കൊടുത്തതെങ്കിൽ ഗൂഢാലോചന പറയുമായിരുന്നുവെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്പങ്ങൾ കൊടുത്തു വിടണം എന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകിയത്. പക്ഷേ ഞങ്ങൾ അത് ചെയ്തില്ലെന്ന് അദേഹം വ്യക്തമാക്കി. മൂന്നാമത് ഒരാളുടെ കയ്യിൽ ദ്വാരപാലക ശില്പങ്ങൾ കൊടുത്തു വിടില്ല എന്നായിരുന്നു തങ്ങൾ തീരുമാനിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ സ്പർശിക്കുവാനുള്ള അവസരം പോലും ഉണ്ടാക്കിയിട്ടില്ല 023 ജൂൺ 30നാണ് ശബരിമല ഉരുപ്പടികൾ പുറത്തുകൊണ്ടുപോകുമ്പോൾ സ്പെഷ്യൽ കമ്മീഷണർ അറിയിക്കണമെന്ന് ഉത്തരവ് വന്നത്. അന്ന് തങ്ങളുടെ ബോർഡ് അധികാരത്തിൽ വന്നിട്ടില്ല.
ആ ഉത്തരവിനെ പറ്റി ബോർഡിന് അറിയില്ലായിരുന്നു. താൻ ഒറ്റ തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് . 4-5 തവണ മാത്രമാണ് ഫോൺ വിളിച്ചത്. ഇതിൽ എവിടെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് അദേഹം ചോദിച്ചു. ഗോവർത്ഥനെ കണ്ടിട്ട് പോലുമില്ലെന്നും ഗൂഢാലോചന നടത്തി എന്ന് പറയുന്ന 2019 ഇൽ ഞാൻ കോൺഗ്രസിനൊപ്പം ആയിരുന്നുവെന്നും മുൻപ് നടന്നതിനെ കുറിച്ചൊന്നും തങ്ങൾക്ക് യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
Sabarimala gold robbery case: PS Prashanth says CM’s pressure led to arrest, will proceed with legal action













