യുഎസുമായുള്ള സാങ്കേതിക ചർച്ചകൾ ഉടനില്ലെന്ന് ഇറാൻ; ഖത്തറിൽ കൂടിക്കാഴ്ചയെന്ന വാർത്തകൾ തള്ളി, പരിശ്രമം തുടർന്ന് മധ്യസ്ഥ രാജ്യങ്ങൾ

ടെഹ്റാൻ: ഈ ആഴ്ച ഖത്തറിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി സാങ്കേതിക സമിതി തലത്തിൽ യാതൊരുവിധ ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “കരാറുകളിൽ മറ്റ് കക്ഷികൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഖത്തറുമായുള്ള ഞങ്ങളുടെ ചർച്ചകൾ പതിവുപോലെ തുടരുന്നുണ്ട്. എന്നാൽ, വർക്കിംഗ് ഗ്രൂപ്പുകളുടെ സാങ്കേതിക ചർച്ചകൾ ദോഹയിൽ നടക്കുമെന്ന ചില മാധ്യമങ്ങളുടെ വാർത്തകൾ സ്ഥിരീകരിക്കാൻ കഴിയില്ല.” കാസെം ഗരീബാബാദി പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്കായി നിശ്ചയിച്ചിട്ടുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ ആദ്യഘട്ട സാങ്കേതിക ചർച്ചകൾ, അതിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുങ്ങുകയും തീയതിയും സ്ഥലവും സംബന്ധിച്ച് കൃത്യമായ ധാരണയാകുകയും ചെയ്ത ശേഷം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങൾ വഴിയുള്ള ആശയവിനിമയങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘അൽ ജസീറ’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചൊവ്വാഴ്ച ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി അത്തരം കൂടിക്കാഴ്ചകൾക്ക് ഇറാൻ തയ്യാറല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide