‘അവ‍ർ ഒരു റിപ്പബ്ലിക്കനാണെങ്കിൽ, അവരുടെ പരസ്യം അതിഗംഭീരം തന്നെ’; നടി സിഡ്‌നി സ്വീനിയെ പ്രശംസിച്ച് ട്രംപ്

ലോസ് ഏഞ്ചൽസ്: നടി സിഡ്‌നി സ്വീനിയുടെ അമേരിക്കൻ ഈഗിൾ ജീൻസ് പരസ്യങ്ങൾ പൊതുശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു റിപ്പബ്ലിക്കൻ വോട്ടറാണെന്ന് വെളിപ്പെട്ടതോടെ ഇത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഈ വിഷയത്തിൽ പ്രതികരിക്കുകയും സിഡ്‌നി സ്വീനിയുടെ രാഷ്ട്രീയ ചായ്‌വ് അറിഞ്ഞ ശേഷം പരസ്യത്തെ പ്രശംസിക്കുകയും ചെയ്തു.

‘യൂഫോറിയ’, ‘വൈറ്റ് ലോട്ടസ്’ എന്നീ സീരീസുകളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ സിഡ്‌നി സ്വീനി ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ വോട്ടറാണെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 2024 ജൂൺ 14-നാണ് അവർ രജിസ്റ്റർ ചെയ്തത്. “സിഡ്‌നി സ്വീനി ഒരു രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കനാണെങ്കിൽ, അവരുടെ പരസ്യം അതിഗംഭീരമാണെന്ന് ഞാൻ കരുതുന്നു!” എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

“സിഡ്‌നി സ്വീനിക്ക് മികച്ച ജീൻസ് ഉണ്ട്” എന്ന വാചകം ഉപയോഗിച്ചുള്ള അമേരിക്കൻ ഈഗിളുമായുള്ള സ്വീനിയുടെ പുതിയ ഡെനിം പരസ്യം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടയിലാണ് അവരുടെ റിപ്പബ്ലിക്കൻ വോട്ടർ രജിസ്‌ട്രേഷൻ വിവരങ്ങൾ പുറത്തുവന്നത്. സിഡ്‌നി സ്വീനിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് നേരത്തെയും ചർച്ചകൾ നടന്നിരുന്നു. 2022-ൽ, ഒരു കുടുംബ പിറന്നാൾ ആഘോഷത്തിൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ (MAGA) തൊപ്പികൾ ധരിച്ച ചില അതിഥികളോടൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ പുറത്തുവന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

More Stories from this section

family-dental
witywide