ട്രംപിന്‍റെ ക്ഷമയെ പരീക്ഷിക്കല്ലേ, ഹോർമുസിൽ ഭീഷണി തുടർന്നാൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി യുഎസ്; നാളത്തെ ചർച്ചകൾ അനിശ്ചിതത്വത്തിൽ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്നത് ഇറാൻ തുടർന്നാൽ അവരുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുമെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. ‘ഫോക്സ് ന്യൂസ് സൺഡേ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയോ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയോ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൈയും കെട്ടി നോക്കിനിൽക്കുമെന്ന് ഇറാൻ ഭരണകൂടം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിയെന്ന് വാൾട്സ് പറഞ്ഞു. അതേസമയം നാളെ നടക്കേണ്ട അമേരിക്ക-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു അന്താരാഷ്ട്ര ജലപാതയെ അനധികൃതമായി നിയന്ത്രിക്കാൻ ഇറാൻ ഉപയോഗിക്കുന്ന അവരുടെ സൈനിക സംവിധാനങ്ങൾ ആവശ്യമായി വന്നാൽ സൈനിക ശക്തിപയോഗിച്ച് തന്നെ അമേരിക്ക തകർത്തുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക സൈനിക നടപടി പൂർണ്ണമാക്കാൻ തീരുമാനിച്ചാൽ ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിന്റെ ശനിയാഴ്ചയിലെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം.

അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ തുടരുന്നുണ്ടെന്നും നയതന്ത്രത്തിന് ട്രംപ് എപ്പോഴും മുൻഗണന നൽകാറുണ്ടെന്നും പറഞ്ഞ വാൾട്സ്, എന്നാൽ പ്രസിഡന്റിന്റെ ക്ഷമ എന്നെന്നേക്കുമായി നീണ്ടുനിൽക്കില്ലെന്ന് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. ഇറാൻ ഒരിക്കലും അണുബോംബ് നിർമ്മിക്കില്ലെന്ന അമേരിക്കയുടെയും ലോകത്തിന്റെയും ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാവിധ ബദൽ മാർഗ്ഗങ്ങളും സ്വീകരിക്കാൻ ട്രംപ് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide