
ജറുസലേം: പുതിയ വെടിനിർത്തൽ കരാർ ഒപ്പുവെച്ച് രണ്ട് ദിവസത്തിന് ശേഷം, തെക്കൻ ലെബനനിൽ സൈനിക നടപടികൾ തുടരുന്നതിനുള്ള പദ്ധതികൾക്ക് ഇസ്രായേൽ സൈന്യം അംഗീകാരം നൽകി. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ ആണ് ‘വെടിനിർത്തൽ കരാറിന് അനുസൃതമായി’ ഈ പുതിയ സൈനിക പദ്ധതികൾക്ക് അനുമതി നൽകിയതെന്ന് സൈനിക പ്രസ്താവന വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഒപ്പുവെച്ച 14 ഇന കരാർ പ്രകാരം, ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങൾ, സുരക്ഷാ ഭീഷണികൾ, ശത്രുതാപരമായ നീക്കങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാൻ ഐഡിഎഫിന് അനുവാദമുണ്ടെന്ന് ഇസ്രായേൽ വാദിക്കുന്നു. “ഞങ്ങൾ കരാറിനെ മാനിക്കുകയും അതിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്യും,” എന്ന് ഇയാൽ സാമിർ പറഞ്ഞു.
അതേസമയം, പുതിയ കരാറിനെ പൂർണ്ണമായി തള്ളിക്കളഞ്ഞ ഹിസ്ബുള്ളയും ഇറാനും, ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഇസ്രായേൽ നിരാകരിക്കുകയായിരുന്നു. അമേരിക്ക, ഇസ്രായേൽ, ലബനൻ എന്നിവർ ചേർന്ന് വാഷിംഗ്ടണിൽ വെച്ച് മുപ്പകഷ കരാർ ഒപ്പുവെച്ച ശേഷവും ലബനനിൽ ശക്തമായ പോരാട്ടമാണ് തുടരുന്നത്. ഞായറാഴ്ച ദെയ്ർ സെര്യൻ, തൈബെ എന്നീ പ്രദേശങ്ങൾക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള സായുധരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് പുതിയ സമാധാന കരാറിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാക്കുകയാണ്.















