മുൻകാല അനുഭവങ്ങൾ, അവിശ്വാസം, ചർച്ചകളെ തകർക്കും; യുഎസ്-ഇറാൻ സമാധാന ശ്രമങ്ങൾ പരാജയത്തിലേക്ക് നീങ്ങുന്നതായി വിദഗ്ധർ

ടെഹ്റാൻ: പരസ്പര വിശ്വാസമില്ലായ്മ കാരണം അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള 60 ദിവസത്തെ താൽക്കാലിക ‘വെടിനിർത്തൽ’ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ചർച്ചകൾ പൂർണ്ണമായി തകർന്നേക്കാമെന്ന് ഇറാനിയൻ രാഷ്ട്രീയ നിരീക്ഷകൻ. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ പ്രൊഫസറായ മൊസ്തഫ ഖോഷ്‌ചെഷം ആണ് ഇരുരാജ്യങ്ങളും തമ്മിൽ ഒരു സ്ഥിരമായ കരാറിലെത്താൻ സാധ്യതയില്ലെന്ന നിരീക്ഷണം പങ്കുവെച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതൊഴിച്ചാൽ അതിനപ്പുറം മറ്റൊരു ലക്ഷ്യവും അമേരിക്കയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമോ എന്ന കാര്യത്തിൽ ഇറാന്റെ ചർച്ചാ പ്രതിനിധികൾക്ക് കടുത്ത ആശങ്കയുണ്ട്. “മുൻപ് ഒപ്പുവെച്ച ജെ.സി.പി.ഒ.എ ആണവക്കരാർ ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വർഷം രണ്ട് തവണ ചർച്ചകൾ നടക്കുന്നതിനിടയിലാണ് അമേരിക്ക ചർച്ചാ മേശയെപ്പോലും ബോംബിട്ടു തകർത്തത്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. ഇറാനെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന് കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ ശൈലി ചർച്ചകൾക്ക് ആവശ്യമായ വിശ്വാസ്യത ഉണ്ടാക്കാൻ ഒട്ടും സഹായിക്കില്ല. അമേരിക്കയെ ഒട്ടും വിശ്വസിക്കാതെ തന്നെയാണ് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചാ സംഘവും ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന് അവർ എപ്പോഴും വ്യക്തമാക്കാറുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വെടിനിർത്തൽ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ചർച്ചകളിൽ ഇറാന് വിശ്വാസ്യത വീണ്ടെടുക്കുക എന്നത് അസാധ്യമല്ലെങ്കിൽ പോലും വളരെ കഠിനമായ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide