ഹോർമുസ് കടലിടുക്കിൽ കടുത്ത ആശയക്കുഴപ്പം; 3 വ്യത്യസ്ത കപ്പൽ പാതകളുമായി യുഎസും ഇറാനും, ഭീതിയിൽ വാണിജ്യ കപ്പലുകൾ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യാതൊരു ചലനവും ഉണ്ടാക്കുന്നില്ലെന്നും, മേഖലയിലെ വാണിജ്യ കപ്പലുകളും അവയിലെ ജീവനക്കാരും കടുത്ത ആശയക്കുഴപ്പവും സുരക്ഷാ ഭീഷണിയും നേരിടുകയാണെന്നും ഷിപ്പിംഗ് കമ്പനികൾ. ജലപാതയുടെ നിയന്ത്രണത്തിനായി ഇരുരാജ്യങ്ങളിലെയും വിവിധ അധികാരികൾ മത്സരിക്കുന്ന പശ്ചാത്തലത്തിൽ, നിലവിൽ കടലിടുക്കിൽ മൂന്ന് വ്യത്യസ്ത കപ്പൽ പാതകളാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാതയാണ് ഇതിൽ ആദ്യത്തേത്. യുദ്ധത്തിന് മുൻപ് കപ്പലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്ന, കടലിടുക്കിന്റെ മധ്യഭാഗത്തു കൂടിയുള്ളതാണ് രണ്ടാമത്തെ പാത. ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള വടക്കൻ പാതയാണ് മൂന്നാമത്തേത്. ഈ മൂന്ന് പാതകളിൽ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ കപ്പൽ ഓപ്പറേറ്റർമാർ വലിയ പ്രതിസന്ധിയിലാണ്. ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത പാതകൾ തിരഞ്ഞെടുത്താൽ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം, ടെഹ്‌റാന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഇറാന്റെ പാത ഉപയോഗിച്ചാൽ, നിലവിലെ സമാധാന കരാർ തകരുന്ന പക്ഷം പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും കമ്പനികൾ ഭയപ്പെടുന്നു.

ടെഹ്‌റാൻ അംഗീകരിക്കാത്ത പുതിയ കപ്പൽ പാതകൾ പൂർണ്ണമായി ‘അസ്വീകാര്യമാണെന്ന്’ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ, ഹോർമുസിന് സമാന്തരമായി പുതിയ യാത്രാ ക്രമീകരണങ്ങൾ ഉണ്ടാക്കാനുള്ള ഏത് ശ്രമവും സംഘർഷം വർദ്ധിപ്പിക്കാനും ഈ സുപ്രധാന ജലപാത വീണ്ടും തുറക്കുന്നത് വൈകിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച മുന്നറിയിപ്പ് നൽകി. എന്നാൽ ഏത് ബദൽ സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

വരുന്ന ഓഗസ്റ്റ് പകുതിയോടെ ഈ തർക്കങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ, ഈ മൂന്ന് പാതകളുടെയും ഉപയോഗം കൂടുതൽ കുഴപ്പങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും കാരണമാകുമെന്ന് പ്രമുഖ ഷിപ്പിംഗ് ഇന്റലിജൻസ് സ്ഥാപനമായ ‘കെപ്ലറിലെ’ ഫ്രൈറ്റ് അനലിസ്റ്റ് മാത്യു റൈറ്റ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ അമേരിക്ക പറയുന്നതും ഇറാൻ പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, കപ്പൽ ഗതാഗത മേഖലയിൽ കടുത്ത അനിശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide