
കാലിഫോര്‍ണിയ : അമേരിക്കയില്‍ 73കാരിയായ സിഖ് വനിതയെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷമായി വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ താമസിക്കുന്ന ഹര്‍ജിത് കൗറിനാണ് ദുരനുഭവം. കാലിഫോര്‍ണിയയില്‍ പതിവ് പരിശോധനകളുടെ ഭാഗമായി എത്തിയപ്പോഴാണ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി ഇവരുടെ കുടുംബവും സിഖ് സമൂഹവും രംഗത്തെത്തി.
പക്ഷേ, ഹര്‍ജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 1992 ല്‍ രണ്ട് ആണ്‍മക്കളുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയതാണ് ഇവര്‍. 2012 ല്‍ അഭയാര്‍ത്ഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള എല്ലാ സമയത്തും അവര്‍ വര്‍ഷത്തില്‍ രണ്ട് തവണ അവര്‍ ഇമ്മിഗ്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കല്‍ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകള്‍ ഇയോ മഞ്ചി കൗര്‍ പറയുന്നു. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കുന്നുണ്ടെന്നും തൈറോയ്ഡ്, മൈഗ്രേന്‍, മുട്ടുവേദന എന്നിവയോട് പോരാടുകയാണ് ഇവരെന്നും കുടുംബം പറയുന്നു.














