ബെംഗളൂരു: ലോകത്തിലെ പ്രമുഖ കൃത്രിമബുദ്ധി (AI) ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐയിലെ ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ വംശജനായ ഗവേഷകൻ ശ്യാമൽ ആനദ്കട്ട്. സിലിക്കൺ വാലി വിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരുകാലത്ത് അസാധാരണമായ തീരുമാനമായി തോന്നിയിരുന്നെങ്കിലും, ഇപ്പോൾ അത് ശരിയായ തീരുമാനമാണെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പൺഎഐയിലെ അപ്ലൈഡ് ഇവാൽസ് ടീമിന്റെ തലവനായി പ്രവർത്തിച്ചിരുന്ന ശ്യാമൽ കഴിഞ്ഞ നാല് വർഷമായി സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഈ വർഷം ആദ്യം ഇന്ത്യയിലേക്ക് മടങ്ങിയ വിവരം അദ്ദേഹം എക്‌സിലൂടെ (മുൻ ട്വിറ്റർ) പങ്കുവെച്ചു.
“ഓപ്പൺഎഐയിൽ നാല് വർഷത്തോളം പ്രവർത്തിച്ച ശേഷം ഈ വർഷം ആദ്യം ബേ ഏരിയയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. സൂപ്പർ ഇന്റലിജൻസ് ശാസ്ത്ര പുരോഗതിക്ക് വേഗം കൂട്ടുകയും അതിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും വേണമെന്ന വിശ്വാസം ഇപ്പോഴും എനിക്കുണ്ട്,” ശ്യാമൽ കുറിച്ചു. ഇന്ത്യയിലെ ഗവേഷണ-സാങ്കേതിക രംഗവുമായി തനിക്ക് എപ്പോഴും ശക്തമായ ബന്ധമുണ്ടായിരുന്നുവെന്നും, അതാണ് തിരിച്ചുവരവിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ഏഷ്യ-പസഫിക് മേഖലയിലെയും ഗവേഷകർ, എൻജിനീയർമാർ, ചിന്തകർ എന്നിവരുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ കൂടിക്കാഴ്ചകൾ തന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. “ഇവിടെ നിന്ന് തന്നെ ഭാവി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളെ കണ്ടു. ഇന്ത്യയിലേക്ക് മടങ്ങുക എന്നത് മുമ്പ് ഒരു വിരുദ്ധ തീരുമാനമായി തോന്നിയിരുന്നു. ഇപ്പോൾ അങ്ങനെ തോന്നുന്നില്ല,” അദ്ദേഹം പറഞ്ഞു.
ലോകത്തെ സ്വാധീനിക്കുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമായത് പ്രതിഭയോ അവസരങ്ങളോ അല്ല, മറിച്ച് ആത്മവിശ്വാസമാണ്. ലോകത്തോര സ്ഥാപനങ്ങൾ എവിടെ നിന്നുമുണ്ടാക്കാമെന്ന വിശ്വാസമാണ് കുറവുള്ളത്. അസാധ്യമായി തോന്നുന്ന ആശയങ്ങളെ പിന്തുടരാനുള്ള ധൈര്യവും അഭിലാഷവുമാണ് വേണ്ടത്. ഇത് ഒരു തലമുറയ്ക്ക് ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്യാമലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതികരണങ്ങളാണ് ഉണ്ടായത്. ഇന്ത്യയിൽ എന്താണ് ആരംഭിക്കാൻ പദ്ധതിയെന്ന ചോദ്യവുമായി നിരവധി പേരെത്തിയപ്പോൾ, ഇന്ത്യയിൽ നിന്ന് ലോകോത്തര എഐ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ത്യ ആഗോള എഐ രംഗത്തെ മുൻനിര ശക്തിയായി വളരാനുള്ള സാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ശ്യാമൽ ആനഡ്കട്ടിന്റെ തീരുമാനം ശ്രദ്ധ നേടുന്നത്.
Ex-OpenAI researcher explains why he chose India over Silicon Valley: ‘Moving back felt counterintuitive’













