
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസിൽ വർധിച്ചുവരുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങളും കുടിയേറ്റ വിരുദ്ധ മനോഭാവവും ഇന്ത്യൻ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നതായി റിപ്പോർട്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണിയും വിസ നിയന്ത്രണങ്ങളും കാരണം സ്വന്തം വീട് വിൽക്കാനായി വീട്ടിലെ ഗണപതി വിഗ്രഹവും ഹൈന്ദവ മതചിഹ്നങ്ങളും ഒളിപ്പിച്ചു വെക്കേണ്ടി വന്ന ടെക്സസിലെ ഇന്ത്യൻ വംശജനായ രവി വവിലാലയുടെ അനുഭവം അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗാണ് പുറത്തുവിട്ടത്.
നോർത്ത് ടെക്സസിലെ സെലിന സ്വദേശിയായ രവി വവിലാലയുടെ വീട്ടിൽ വലിയ വെങ്കല ഗണപതി വിഗ്രഹവും ദേവീദേവന്മാരുടെ ചിത്രങ്ങളും ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. എന്നാൽ ഐടി മേഖലയിലെ തൊഴിൽ നഷ്ടവും എച്ച്-1ബി വിസ സംബന്ധിച്ച അനിശ്ചിതത്വവും കാരണം മേഖലയിലെ ഭവനവിപണി കടുത്ത മന്ദഗതിയിലാണ്. ഇതോടെ, വംശീയ വിദ്വേഷം പുലർത്തുന്ന വാങ്ങലുകാരെ അകറ്റാതിരിക്കാൻ തൻ്റെ സാംസ്കാരിക അടയാളങ്ങളെല്ലാം മാറ്റി വീട് തികച്ചും ‘സാധാരണമായ ഒന്നാക്കി’ മാറ്റാൻ താൻ നിർബന്ധിതനായെന്ന് രവി വ്യക്തമാക്കുന്നു. നിലവിൽ ഈ അഭിമുഖത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഫ്രിസ്കോ, പ്രോസ്പർ, സെലിന തുടങ്ങിയ ടെക്സസ് നഗരങ്ങളെ സാമ്പത്തിക-സാംസ്കാരിക ഹബ്ബുകളാക്കി മാറ്റുന്നതിൽ ഇന്ത്യൻ കുടിയേറ്റക്കാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യ അതിവേഗം ഉയർന്നതോടെ ഈ മേഖലകളെ ചിലർ ‘ഡാല്ലസ്പുരം’ എന്ന് വരെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ വംശീയ വിദ്വേഷം ഗണ്യമായി വർധിച്ചു.
ഫ്രിസ്കോ നഗരസഭാ യോഗങ്ങൾക്കിടയിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഇന്ത്യൻ വംശജർക്കെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. “ഇന്ത്യയിലേക്ക് മടങ്ങുക, ടെക്സസ് ഇന്ത്യക്കാരാക്കാൻ അനുവദിക്കില്ല” തുടങ്ങിയ വംശീയ അധിക്ഷേപങ്ങളാണ് ഇവർ ഉയർത്തുന്നത്. “ഡോണ്ട് ഇന്ത്യ മൈ ടെക്സസ്: ഡിപോർട്ട് എച്ച്-1ബി വിസ സ്കാമേഴ്സ്” എന്നെഴുതിയ പ്ലക്കാർഡുകളുമായി ഇർവിംഗിലും പ്രതിഷേധങ്ങൾ നടന്നു. കൂടാതെ ഹിന്ദു ആചാരങ്ങളെയും ഇന്ത്യൻ കുടിയേറ്റത്തെയും അധിക്ഷേപിക്കുന്ന വീഡിയോകൾക്ക് ഓൺലൈനിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കുന്നത് ഇന്ത്യൻ കുടുംബങ്ങളുടെ സുരക്ഷാ ആശങ്ക ഇരട്ടിയാക്കുന്നു.
ഇന്ത്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ-അമേരിക്കൻ യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി അടുത്തിടെ പാർലമെന്റിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൻ കീഴിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വിസ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും, നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും കാരണം നിരവധി ഇന്ത്യൻ കുടുംബങ്ങൾ ടെക്സസിലേക്ക് മാറാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നതായാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ നൽകുന്ന സൂചന.
Racial hatred is spreading in the US; Indian-origin man hides Ganesha idol to sell house











