ലണ്ടൻ: അധികാരത്തിലെത്തി രണ്ട് വർഷം തികയുന്നതിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു. നയപരമായ പല തിരിച്ചുപോക്കുകളും (യു-ടേണുകൾ) ജനങ്ങൾക്കിടയിലെ കടുത്ത അതൃപ്തിയും നിറഞ്ഞ ഭരണകാലത്തിനൊടുവിലാണ് സ്റ്റാർമറുടെ അപ്രതീക്ഷിത തീരുമാനം. തിങ്കളാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദവും സർക്കാരിന്റെ ജനപ്രീതി ഇടിയുന്നതിലുള്ള ആശങ്കയും ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
“ഞാൻ എടുത്ത ഓരോ തീരുമാനവും ഞാൻ സ്നേഹിക്കുന്ന രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയായിരുന്നു. അതുകൊണ്ടാണ് ഞാൻ ലേബർ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്,” വികാരാധീനനായി സ്റ്റാർമർ പറഞ്ഞു. പുതിയ ലേബർ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂലൈയിൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസ്താവനയിൽ, പുതിയ നേതാവിനെ ലേബർ പാർട്ടി തിരഞ്ഞെടുക്കുന്നതുവരെ താൻ കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുമെന്ന് സ്റ്റാർമർ അറിയിച്ചു. കൂടാതെ, പുതിയ നേതാവിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് ദീർഘകാല പ്രതിപക്ഷ ജീവിതത്തിന് വിരാമമിട്ടതിന് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. എന്നാൽ അതിനുശേഷം സ്റ്റാർമറുടെ വ്യക്തിപരമായ ജനപ്രീതിയിലും സർക്കാരിന്റെ പൊതുജന പിന്തുണയിലും ഗണ്യമായ ഇടിവുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, രാജി പ്രഖ്യാപിച്ചുള്ള ഹ്രസ്വ പ്രസ്താവനയുടെ അവസാന ഭാഗത്ത് കെയർ സ്റ്റാർമർ വികാരാധീനനായി. സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയതും ശ്രദ്ധേയമായി. “അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണോ എന്ന ചോദ്യമാണ് ഇപ്പോൾ എന്റെ പാർട്ടി ഉയർത്തുന്നത്,” എന്ന് സ്റ്റാർമർ പറഞ്ഞു. ആ ചോദ്യത്തിന് എന്റെ പാർലമെന്ററി പാർട്ടി നൽകിയ മറുപടി ഞാൻ കേട്ടു. ആ തീരുമാനം ഞാൻ പൂർണ മാന്യതയോടെയും വിനയത്തോടെയും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
British Prime Minister Keir Starmer announces resignation; full support for successor














