
ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഫീല്‍ഡ് മാര്‍ഷല്‍ പദവിക്കു പകരം മുനീറിന് രാജപദവി നല്‍കേണ്ടതായിരുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ പരിഹസിച്ചത്. നിലവില്‍ കാടിന്റെ നിയമപ്രകാരമാണ് പാക്കിസ്ഥാനിലെ ഭരണമെന്ന കുറ്റപ്പെടുത്തലും അദ്ദേഹം ഭരണകൂടത്തിനെതിരെ നടത്തി.
‘മാഷാഅല്ലാഹ്, ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി നിയമിച്ചു. സത്യം പറഞ്ഞാല്‍, പകരം അദ്ദേഹത്തിന് ‘രാജാവ്’ എന്ന പദവി നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമായിരിക്കുക ; കാരണം ഇപ്പോള്‍ രാജ്യം കാട്ടിലെ നിയമപ്രകാരമാണ് ഭരിക്കുന്നത്. കാട്ടില്‍ ഒരു രാജാവേയുള്ളൂ,’ ഇമ്രാന്‍ഖാന്റെ പേരിലുള്ള എക്സില്‍ കുറിച്ചതിങ്ങനെ.
ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനു പിന്നാലെയാണ് ജനറല്‍ മുനീറിനെ ചൊവ്വാഴ്ച ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായി മുനീര്‍ മാറി.