
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയിൽ അനുമതിയില്ലാതെ യഥാർഥ മൊബൈൽ നമ്പർ പ്രദർശിപ്പിച്ച സംഭവത്തിൽ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഫോൺ നമ്പറിൻ്റെ ഉടമയ്ക്ക് നിരന്തരമായി കോളുകളും ഭീഷണി സന്ദേശങ്ങളും ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ അടിയന്തര ഇടപെടൽ. സിനിമയിലെ ഒരു പ്രധാന രംഗത്തിൽ ഡോക്ടറുടെ കോൺടാക്റ്റ് നമ്പറായി കാണിച്ച മൊബൈൽ നമ്പർ തൻ്റേതാണെന്ന് കാണിച്ച് കണ്ണൂർ സ്വദേശിയായ ഐടി പ്രൊഫഷണൽ നൽകിയ ഹർജിയിലാണ് നടപടി.
ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ട്, സഹനിർമ്മാതാക്കളായ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ചിത്രത്തിൻ്റെ ഒടിടി പങ്കാളികളായ നെറ്റ്ഫ്ലിക്സ്, സീ എന്റർടൈൻമെൻ്റ്, കൂടാതെ മെറ്റ, വാട്‌സ്ആപ്പ് എന്നിവരെയും കേസിൽ പ്രതിചേർക്കും. ഡമ്മി നമ്പറുകൾക്ക് പകരം നിലവിൽ ഒരാൾ ഉപയോഗിക്കുന്ന വ്യക്തിഗത നമ്പർ സിനിമയിൽ കാണിച്ചത് ഗുരുതരമായ ‘വ്യക്തിവിവര മോഷണം’ ആണെന്ന് കോടതി നിരീക്ഷിച്ചു.
ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമായിരിക്കും എറണാകുളം പൊലീസ് കേസ് അന്വേഷിക്കുക. പരാതിക്കാരൻ 2014 മുതൽ ഉപയോഗിക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ, ആധാർ എന്നിവയുമായി ബന്ധിപ്പിച്ചതുമായ നമ്പറാണ് സിനിമയിൽ പരസ്യപ്പെടുത്തിയത്. ചിത്രം തിയേറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയതോടെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി പതിനായിരക്കണക്കിന് കോളുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. സിനിമയിലെ കഥാപാത്ര പശ്ചാത്തലവുമായി ബന്ധപ്പെടുത്തി കടുത്ത അധിക്ഷേപങ്ങളും, ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, ഭീഷണികളുമാണ് ഫോണിലൂടെ വരുന്നത്. ഇത് തൻ്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പൂർണ്ണമായി ബാധിച്ചുവെന്ന് ഹർജിയിൽ പറയുന്നു. തുടക്കത്തിൽ സൈബർ സെല്ലിലും നിർമ്മാതാക്കൾക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
Real phone number shown in movie: Court orders case to be filed against makers of Kunchacko Boban film















