
ഫ്ലോറിഡ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐക്കും അതിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാനുമെതിരെ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനം കേസ് ഫയൽ ചെയ്തു. ചാറ്റ്ജിപിടി കുട്ടികൾക്ക് വലിയ സുരക്ഷാഭീഷണിയാണെന്നും, ഉപയോക്താക്കളെ കബളിപ്പിച്ച് സുരക്ഷിതമല്ലാത്ത ഉൽപ്പന്നം വിപണിയിൽ എത്തിച്ചുവെന്നും ആരോപിച്ചാണ് നിയമനടപടി. എഐ സുരക്ഷാ വീഴ്ചകളുടെ പേരിൽ ഒരു യുഎസ് സംസ്ഥാനം ഒരു എഐ കമ്പനിക്കെതിരെ നേരിട്ട് കേസ് ഫയൽ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയർ ആണ് തിങ്കളാഴ്ച കോടതിയിൽ 83 പേജുള്ള ഹർജി സമർപ്പിച്ചത്. ചാറ്റ്ജിപിടിയുടെ സുരക്ഷാ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ലാഭം മാത്രം ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തിച്ചതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കുട്ടികളിൽ എഐ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്നും, ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വിവരങ്ങളും സ്കൂൾ വെടിവെപ്പുകൾ നടത്താനുള്ള സഹായങ്ങളും ചാറ്റ്ജിപിടി വഴി ലഭ്യമാകുന്നുവെന്നും ഫ്ലോറിഡ അതോറിറ്റി ആരോപിച്ചു.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി ചാറ്റ്ജിപിടിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും വലിയ തുക പിഴയായി ഈടാക്കണമെന്നുമാണ് ഫ്ലോറിഡയുടെ ആവശ്യം. എഐ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ കേസ് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അക്രമങ്ങൾക്ക് കാരണമായേക്കാവുന്ന ആവശ്യങ്ങൾ നിരസിക്കാൻ തങ്ങൾ എഐ മോഡലുകളെ പരിശീലിപ്പിക്കാറുണ്ടെന്നാണ് ഓപ്പൺഎഐ വ്യക്തമാക്കുന്നത്. ആളുകൾക്ക് ഉടനടി എന്തെങ്കിലും തരത്തിലുള്ള ജീവനപായമോ അപകടമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചാറ്റുകളിൽ നിന്ന് വ്യക്തമായാൽ അത് നിയമപാലകരെ അറിയിക്കാറുണ്ടെന്നും, സംശയമുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടാറുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 2025-ൽ നടന്ന കൂട്ടവെടിവെപ്പിൽ ചാറ്റ്ജിപിടിയുടെ പങ്ക് അന്വേഷിക്കാൻ താൻ ക്രിമിനൽ അന്വേഷണം ആരംഭിക്കുകയാണെന്ന് ഉത്‌മെയർ ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. കേസിലെ പ്രതിയും ചാറ്റ്ജിപിടിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രൊസിക്യൂട്ടർമാർ പരിശോധിച്ച ശേഷമായിരുന്നു ഈ നടപടി.
തങ്ങളുടെ ചാറ്റ്ബോട്ടുകളുമായുള്ള സമ്പർക്കം സ്വയം ഉപദ്രവിക്കുന്നതിനും, മാനസിക രോഗങ്ങൾക്കും, അക്രമങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എഐ കമ്പനികൾക്കെതിരെ വലിയ രീതിയിലുള്ള കേസുകളാണ് ഇപ്പോൾ ഉയരുന്നത്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഒരാളുടെ കുടുംബവും ഓപ്പൺഎഐക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്യാൻ പ്രതിയെ ചാറ്റ്ജിപിടി സഹായിച്ചു എന്നാണ് ഇവരുടെ വാദം.
കൂടാതെ, കാനഡയിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പിൽ ഇരയായവരുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഓപ്പൺഎഐക്കും സാം ആൾട്ട്മാനുമെതിരെ ഒരുമിച്ച് കേസുകൾ ഫയൽ ചെയ്തിരുന്നു. ആക്രമണം നടക്കുന്നതിന് എട്ട് മാസം മുമ്പ് തന്നെ പ്രതി ഇതിനായി ചാറ്റ്ജിപിടി ഉപയോഗിച്ച് പദ്ധതിയിടുന്നുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്നും, എന്നിട്ടും കമ്പനി പൊലീസിനെ വിവരമറിയിച്ചില്ലെന്നുമാണ് ഇവരുടെ ആരോപണം.
ChatGPT is a threat to children; State of Florida sues OpenAI and Sam Altman















