എഐ ഭീഷണി: ഐടി മേഖല മാത്രമല്ല, പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും വരെ ‘പണി’; 93% ജോലികളിലും മാറ്റം വരുമെന്ന് പുതിയ പഠനം

ചാറ്റ് ജിപിറ്റിയുടെ വരവോടെ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വിപ്ലവം ലോകമെമ്പാടുമുള്ള തൊഴിൽ മേഖലകളെ ശരവേഗത്തിലാണ് മാറ്റിമറിക്കുന്നത്. പ്രമുഖ ഐടി കമ്പനിയായ കോഗ്നിസൻ്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിലവിലുള്ള 93 ശതമാനം ജോലികളെയും എഐ സ്വാധീനിച്ചു കഴിഞ്ഞു. ഇതിൽ 30 ശതമാനം തൊഴിലുകളും കടുത്ത നിലനിൽപ്പ് ഭീഷണിയിലാണ് എന്നതും ഞെട്ടിക്കുന്ന സത്യം. 2032-ഓടെ മാത്രം സംഭവിക്കുമെന്ന് കരുതിയ പല മാറ്റങ്ങളും വെറും മൂന്ന് വർഷത്തിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത്.

എഐ കമ്പ്യൂട്ടർ കോഡിംഗും സർവീസ് ജോലികളും മാത്രമേ പിടിച്ചടക്കൂ എന്ന് തെറ്റിധരിച്ചിരിക്കുന്നവർ ഇതുകൂടി കേട്ടോളൂ. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ സാങ്കേതിക ജോലികൾ ചെയ്യുന്നവർ പോലും എഐ യുഗത്തിന് അനുസരിച്ച് മാറേണ്ടി വരുമെന്ന് കോഗ്നിസൻ്റ് റിസർച്ച് മേധാവി ഒല്ലി ഒഡൊണോഘ്യു വ്യക്തമാക്കുന്നു.

“ആർക്കും ഇനി ഇതിൽ നിന്ന് രക്ഷപ്പെടാനാകില്ല. പൈപ്പ് നന്നാക്കാൻ പ്ലംബർ തന്നെ വേണമെന്നതിൽ തർക്കമില്ല. എന്നാൽ അതിലേക്ക് നയിക്കുന്ന പരിശോധനകളും പ്രശ്നനിർണയവും ഇനി എഐ ചെയ്യും. ഉദാഹരണത്തിന്, ചുവരിലെ നനവ് കണ്ട് ചോർച്ച എവിടെയാണെന്ന് കണ്ടെത്താനും, അത് നന്നാക്കാനുള്ള പ്ലാൻ തയാറാക്കാനും, ബില്ലും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും തനിയെ ഉണ്ടാക്കാനും എഐ സാങ്കേതികവിദ്യയ്ക്ക് ഇന്ന് സാധിക്കും,” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ വൻകിട ടെക് കമ്പനികളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം. Layoffs.fyi കണക്കുകൾ പ്രകാരം മെറ്റാ, ആമസോൺ, ഒറാക്കിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് 2025 – ൽ മാത്രം 1,24,636 പേർക്കും, ഈ വർഷം ഇതുവരെ 1,15,907 പേർക്കും ജോലി നഷ്ടമായിട്ടുണ്ട്. എഐയുടെ വരവോടെ അമേരിക്കയിൽ മാത്രം ഏകദേശം 4.5 ട്രില്യൺ ഡോളർ മൂല്യമുള്ള തൊഴിൽ മനുഷ്യരിൽ നിന്ന് എഐയിലേക്ക് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ, എഐയുടെ വരവ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കോഗ്നിസൻ്റ് എഐ ചീഫ് ബിസിനസ് ഓഫീസർ സുശാന്ത് വാരികൂ അഭിപ്രായപ്പെട്ടു. കമ്പനികൾ തങ്ങളുടെ പ്രവർത്തനരീതി മാറ്റിയാൽ പുതിയ തസ്തികകൾ ഉണ്ടാകും. എഐ മനുഷ്യൻ്റെ ജോലി ഇല്ലാതാക്കുമെന്ന വാദങ്ങൾ “പൂർണ്ണമായും അസംബന്ധമാണ്” എന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും വ്യക്തമാക്കിയിട്ടുണ്ട്.

ചാറ്റ് ജിപിറ്റിയുടെ ഓപ്പൺഎഐ, ക്ലോഡ് മോഡലുകളുമായി വരുന്ന Anthropic, ജെമിനിയുമായി ഗൂഗിൾ എന്നിവർ തമ്മിൽ വിപണി പിടിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. പുതിയ പഠനങ്ങൾ കാണിക്കുന്നത് ഓരോ കമ്പനിയും അവരുടെ എഐയുടെ ‘മൾട്ടിമോഡൽ’ ശേഷി വർദ്ധിപ്പിക്കാൻ നോക്കുകയാണെന്നാണ്. അതായത്, വെറും ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും വീഡിയോകളും കണ്ട് സ്വയം ചിന്തിച്ച് പ്ലാൻ തയാറാക്കാൻ എഐയെ പ്രാപ്തമാക്കുകയാണ് ഈ മത്സരം. കമ്പനികൾ തമ്മിലുള്ള ഈ മത്സരം കാരണമാണ് 2032-ൽ നടക്കുമെന്ന് കരുതിയ എഐ വിപ്ലവം വെറും 3 വർഷം കൊണ്ട് (2026-ഓടെ) സംഭവിച്ചത്. ഈ മത്സരം കാരണം എഐയുടെ കഴിവ് 30% ശതമാനം വേഗത്തിൽ വളർന്നു. ഇത് കമ്പനികളെ മനുഷ്യരെ ഒഴിവാക്കി എഐയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു.

AI: Not just IT sector, but also threat for plumbers and electricians; New study says 93% of jobs will change

More Stories from this section

family-dental
witywide