കനത്ത ചൂട്: ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ചികിത്സ തേടി 22 പേർ, നാല് പേർ ആശുപത്രിയിൽ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിന്റെ ആവേശം നിറഞ്ഞ ആദ്യ ദിനത്തിൽ തന്നെ ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ചൂട് വില്ലനായി. ഈസ്റ്റ് ഡൗൺടൗണിൽ സംഘടിപ്പിച്ച ഫാൻ ഫെസ്റ്റിവലിൽ ചൂട് സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് 22 പേർ ചികിത്സ തേടി. ഇവരിൽ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

പരിപാടിക്കിടെ ആകെ 90 പേർക്ക് മെഡിക്കൽ സഹായം നൽകി. അതിതീവ്ര ചൂട് രേഖപ്പെടുത്തിയില്ലെങ്കിലും ഉയർന്ന താപനിലയും ഈർപ്പവും സന്ദർശകർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. ഉച്ചയ്ക്ക് താപനില 90 ഡിഗ്രി ഫാരൻഹീറ്റിന് സമീപമായിരുന്നെങ്കിലും 70 ശതമാനത്തോളം ഈർപ്പം അനുഭവപ്പെട്ടതിനാൽ ഹീറ്റ് ഇൻഡക്സ് 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലെത്തി.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഓരോ 15 മുതൽ 20 മിനിറ്റിലും ഒരു കപ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന് സി.ഡി.സി. നിർദേശിക്കുന്നു. ഫാൻ ഫെസ്റ്റിവലിലെ പ്രധാന സ്റ്റേജിന് സമീപമുള്ള തണൽ സൗകര്യങ്ങളും ഹൂസ്റ്റൺ ഹാളും എസ്ഫെറ ആക്ടിവേഷൻ ഏരിയയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സന്ദർശനത്തിന് മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും സംഘാടകർ നിർദേശിച്ചു.

ഓരോ മത്സരത്തിനും 90 മിനിറ്റ് മുമ്പാണ് ഫാൻ ഫെസ്റ്റ് തുറക്കുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും ഒരേസമയം 7,500 പേർക്കാണ് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് ആവശ്യമില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രവേശനം ആരംഭിച്ചെങ്കിലും വെറും 40 മിനിറ്റിനുള്ളിൽ തന്നെ പരമാവധി ശേഷിയിലെത്തിയതോടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. വൈകിട്ട് 5.45ഓടെ പ്രവേശനം വീണ്ടും പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ഫിഫ ഫാൻ ഫെസ്റ്റിവലിൽ വേദിക്ക് പുറത്തു കാത്തുനിൽക്കുന്ന ആരാധകർക്കായി പ്രവേശന കവാടത്തിന് സമീപം വലിയ സ്ക്രീനുകൾ സ്ഥാപിച്ച് മത്സരങ്ങൾ കാണാനുള്ള സൗകര്യവും ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Extreme heat: 22 people seek treatment at FIFA Fan Festival in Houston, four hospitalized

More Stories from this section

family-dental
witywide