
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും എത്തിയതിന് പിന്നാലെ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിൽ ഇന്ത്യയുടെ ആശങ്ക കനക്കുന്നു. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികൾ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ 20,000ത്തോളം ഇന്ത്യക്കാർ ഉൾപ്പെടുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഈ നീക്കം സജീവമാകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ കേന്ദ്ര സർക്കാർ കടുത്ത ആശങ്ക അറിയിച്ചെന്നാണ് പുതിയ വിവരം.
ചാർട്ടേഡ് വിമാനങ്ങളിൽ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിനെ സംബന്ധിച്ചടുത്തോളം അത് വൻ വെല്ലുവിളിയാണ്. പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്ന നിലപാട് അമേരിക്കയെ ഇന്ത്യ അറിയിച്ചതായാണ് സൂചന.
ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന ട്രംപിന്‍റെ മുന്നറിയിപ്പും ഇന്ത്യ നല്ല സന്ദേശമായല്ല കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയൽ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സർക്കാർ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതും ഭാവിയിൽ ഇന്ത്യ – അമേരിക്ക ബന്ധത്തിൽ കല്ലുകടിയാകാനും സാധ്യതയുണ്ട്.