
ജറുസലേം: അഴിമതി കേസിൽ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് താത്കാലിക ആശ്വാസം. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന അഴിമതിക്കേസിലെ വാദം കേൾക്കൽ ജറുസലേം ജില്ലാ കോടതി റദ്ദാക്കി. രഹസ്യ നയതന്ത്ര, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ നേതാവ് സമർപ്പിച്ച അപേക്ഷ അംഗീകരിച്ചാണ് കോടതി ഈ മാറ്റം വരുത്തിയത്. നെതന്യാഹുവും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവനും സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവിയും നൽകിയ പുതിയ കാരണങ്ങൾ വാദം കേൾക്കൽ റദ്ദാക്കാൻ മാത്രം കാര്യ പ്രസക്തമാണെന്ന് വിധിയിൽ പറയുന്നു.
വേട്ടയാടൽ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, നെതന്യാഹുവിന്റെ വിചാരണ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കോടതി നടപടി. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചോ എന്നത് വ്യക്തമല്ല.
2019ൽ കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ചുമത്തിയത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വലതുപക്ഷ നേതാവിനെ അട്ടിമറിക്കാൻ ഇടത് പക്ഷം ആസൂത്രണം ചെയ്ത വേട്ടയാടൽ ആണിതെന്ന് അദ്ദേഹം ഈ വിചാരണയെ വിശേഷിപ്പിക്കുന്നു.















