
വാഷിംഗ്ടൺ: ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമം ഫെഡറൽ ജഡ്ജി ചൊവ്വാഴ്ച തടഞ്ഞു. ഗവർണർ എന്ന നിലയിൽ ലിസ കുക്കിന്റെ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി പ്രസിഡന്‍റ് ട്രംപ് ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് മുൻ പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ച ജഡ്ജി ജിയ കോബ് പറഞ്ഞു. കുക്കിനെ പുറത്താക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിച്ച ശേഷമാണ് ഈ വിധി.
പ്രസിഡന്‍റ് ആദ്യമായിട്ടാണ് ഫെഡറൽ റിസർവ് ഗവർണറെ പുറത്താക്കാൻ ശ്രമിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് കുക്കിനെ പുറത്താക്കിയതായി ട്രംപ് പറഞ്ഞിരുന്നു. ഈ വിധിയിൽ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. കേസ് തീർപ്പാകുന്നത് വരെ കുക്കിനെ ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്ത് നിലനിർത്തണമെന്ന് കോടതി ഉത്തരവിട്ടു.
കുക്കിന്‍റെ വാദം സാധുതയുള്ളതാണെന്നും ഫിഫ്ത്ത് ഭേദഗതിക്ക് കീഴിലുള്ള അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോബ് പറഞ്ഞു. അതേസമയം, ഈ വിഷയം പുതിയ നിയമപരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും അത് ദീർഘകാലത്തേക്ക് അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ഡിസിയിലെ ഫെഡറൽ കോടതിയിലുള്ള ജഡ്ജി പറഞ്ഞു.












