KAGW സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

വാഷിംഗങ്ടന്‍ ഡിസി മലയാളികളുടെ ആദ്യ സംഘടനയായ KAGW (Kerala Association of Greater washington) അന്‍പതിന്റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തെ പരിപാടികള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. അമേരിക്കന്‍ മലയാളികളുടെ ആദ്യകാല സംഘടനകളില്‍ പ്രധാനപ്പെട്ടതും വാഷിങ്ടണ്‍ ഡിസി മലയാളികളുടെ പ്രഥമ സംഘടനയുമായ KAGW ന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 15ന് ക്രിസ്തുമസ് നവവത്സര പരിപാടിയോടൊപ്പം തുടക്കം കുറിച്ചു.

1975 തുടങ്ങിയ സംഘടനയുടെ മുന്‍ പ്രസിഡന്റ് മാരെയും നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് സന്നിഹിതരായിരുന്ന മുന്‍ പ്രസിഡന്റ് മാരുടെ സാന്നിധ്യത്തില്‍ രജത ജൂബിലി വര്‍ഷമായിരുന്ന 2001 ലെ പ്രസിഡന്റ് എബ്രഹാം സാമുവേലും 2025 ലെ പ്രസിഡന്റ് ജെന്‍സണ്‍ ജോസും ചേര്‍ന്ന് ജൂബിലിയുടെ ലോഗോ പ്രകാശനം നടത്തി ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം കുറിച്ചു.

തുടര്‍ന്ന് 2024 ലെ പ്രസിഡണ്ട് സുഷമ പ്രവീണിനും എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി ഉപഹാരം നല്‍കി. കലയെയും കലാകാരേയും പ്രോത്സാഹിപ്പിക്കുന്ന KAGW വര്‍ഷം തോറും നടത്തുന്ന ഓരോ പരിപാടികളും നടത്തിപ്പിന്റ സൂഷ്മത കൊണ്ടും കലാമേന്മകൊണ്ടും ഇതിനോടകം ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട്.

കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷം തോറും നടത്തുന്ന ടാലെന്റ്‌റ് ടൈം നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ദിവസങ്ങള്‍ നീളുന്ന കലാമേള കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരു നേര്‍കാഴ്ച്ചയാണ്.

KAGW പുതിയ തലമുറയെ ഭാഷയും സംസ്‌കാരവും പരിചയപ്പെടുത്തി വളര്‍ത്താനും അതിന്റെ പവിത്രത കാത്തുസൂഷിക്കുന്നതിനുമായി നിരവധി കര്‍മ്മ പരിപാടികള്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടത്തിവരുന്നു. യുവജനങ്ങളുടെ പരിപാടികള്‍ ഏകോപ്പിക്കാന്‍ വളരെ കര്‍മ്മനിരതരായ ഒരു യൂത്ത് ക്ലബ് കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ പരിപാടികള്‍ക്കും ഉള്ള യുവജന പങ്കാളിത്തം വളരെ ശ്രദ്ധേയമാണ്.