ഹ്യൂസ്റ്റൺ( ടെക്സസ്): ഹൂസ്‌റ്റൺ, ടെക്സസ് പ്രദേശത്ത് നിന്ന് പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌തതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സസ്മെന്റ്റ് (ICE) അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇത്രയും അറസ്റ്റുകൾ നടന്നത്.
കഴിഞ്ഞ നാല് വർഷമായി കണ്ടുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ വർധനവ് നേരിടാൻ ഫെഡറൽ നിയമ നിർവഹണ ഏജൻസികളുടെ കൂട്ടായ പ്രവർത്തനം വലിയ തോതിലുള്ള കുറ്റവാളികളെയും, രാജ്യാന്തര സംഘാംഗങ്ങളെയും, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെയും അറസ്‌റ്റ് ചെയ്യാനും നാടുകടത്താനും സഹായിച്ചുവെന്ന് ഐസിഇ എൻഫോഴ്സ്മെൻ്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് ഹൂസ്‌റ്റൺ ആക്ടിങ് ഫീൽഡ് ഓഫിസ് ഡയറക്ടർ പോൾ മക്ബ്രെഡ് വ്യക്തമാക്കി. ഈ പ്രതിസന്ധി പൂർണ്ണമായി നിയന്ത്രിക്കാൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വലിയ പുരോഗതി പ്രാദേശിക സമൂഹങ്ങളെ സുരക്ഷിതമാക്കുന്നതിൽ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 സാമ്പത്തിക വർഷത്തിൽ ഹൂസ്‌റ്റൺ ഫീൽഡ് ഓഫിസ് അറസ്‌റ്റ് ചെയ്ത 211 പേരെക്കാൾ കൂടുതലാണ് ഐസിഇ അറസ്‌റ്റ് 214 പേർ. പുതിയ സർക്കാർ സമീപനം ജൂൺ മാസത്തിൽ ഹൂസ്റ്റൺ പ്രദേശത്ത് ആകെ 1,361 അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്യുന്നതിനും കാരണമായി. ജൂണിൽ അറസ്‌റ്റിലായവരിൽ ചിലർ കൊലപാതക കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരോ, രാജ്യാന്തര സംഘാംഗങ്ങളോ, ലഹരിമരുന്ന് മാഫിയയിലെ അംഗങ്ങളാണ്.















