
ഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളെ നേരിട്ടറിയിക്കാൻ എം പിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ ശശി തരൂർ നയിക്കുമെന്ന് വ്യക്തമായി. ഇതു സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം ശശി തരൂരും കോൺഗ്രസ് പാർട്ടിയും സ്വീകരിച്ചു. അമേരിക്ക , യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ നയിക്കുന്ന സംഘത്തിൻ്റെ പര്യടനം. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടങ്ങി ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ വരെയുണ്ടായ കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് തരൂർ സംഘത്തിന്റെ ദൗത്യം. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാർ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നുള്ള എംപിമാരെയും അതുപോലെ തന്നെ മുന്‍മന്ത്രിമാരെയും ഈ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനോട് പൂർണ്ണമായി സഹകരിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വ്യക്തമാക്കി. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും, എന്നാൽ ദേശീയതയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ബിജെപിയുടെ നിലപാടിനോടാണ് തങ്ങൾക്ക് വിയോജിപ്പെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേഷ് അറിയിച്ചു.