
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ വൻ പ്രശംസ. ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി ഇന്ന് മറികടന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് 4,398 ദിവസമാണ് നെഹ്റു പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി ഇരുന്നിരുന്നത്. 4399 ദിവസം തുടർച്ചയായി പ്രധാനമന്ത്രിയായി ഈ ചരിത്ര നേട്ടം കൈവരിച്ച മോദിയെ പ്രകീർത്തിച്ച് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് പ്രധാനമന്ത്രിക്ക് തങ്ങളുടെ ആദരവ് അറിയിച്ചത്.
ഈ ചരിത്ര നിമിഷത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.എ. മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും വിവിധ കക്ഷി നേതാക്കളുടെയും വിപുലമായ യോഗം ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പുരോഗമിക്കുകയാണ്. യോഗത്തിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത് നരേന്ദ്ര മോദിയെ ആദരിച്ചു. കേരളത്തിൽ നിന്നുള്ള എൻ.ഡി.എ. പ്രതിനിധിയായി ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീകൃഷ്ണ വിഗ്രഹം ഉപഹാരമായി സമർപ്പിച്ചു.
പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി. അഴിമതിയുടെ കറപുരളാത്ത മാതൃകാപരമായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് നിതീഷ് കുമാർ പുകഴ്ത്തി. ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ പ്രത്യേക ലേഖനത്തിലൂടെയാണ് അദ്ദേഹം മോദിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മോദിയുടെ ഭരണത്തിന് കീഴിൽ ആഗോള തലത്തിൽ ഇന്ത്യയുടെ വിലയും നിലയും അന്തസ്സും വൻതോതിൽ ഉയർന്നതായും നിതീഷ് കുമാർ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചു.
PM Narendra Modi Surpasses Jawaharlal Nehru’s Record as Longest Continuously Serving Prime Minister; NDA Leaders Honor Feat















