
വാഷിങ്ടന്‍ : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈ എടുത്തെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫ് ഭീഷണിയുയര്‍ത്തിയാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം കൊണ്ടുവന്നതെന്ന മുന്‍വാദമാണ് ട്രംപ് ആവര്‍ത്തിച്ചത്. തീരുവ സംബന്ധിച്ച നിലപാട് മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസില്‍ വച്ച് മറുപടി പറയവെയാണ് ട്രംപിന്റെ പരാമര്‍ശം.
”എനിക്ക് താരിഫിനുമേലുള്ള അധികാരം ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോഴും നാലോ ഏഴോ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരുന്നേനെ. ഇന്ത്യയെയും പാക്കിസ്ഥാനെയും നോക്കിയാല്‍ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴു വിമാനങ്ങളാണ് വെടിവച്ചിട്ടത്. എന്താണ് ഞാനവരോടു പറഞ്ഞതെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്തു പറഞ്ഞോ അതു കാര്യമായി സ്വാധീനിച്ചു. ഞങ്ങള്‍ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനം നേടിയെന്നുമാത്രമല്ല, താരിഫ് കൊണ്ട് സമാധാനം ഉണ്ടാക്കുകയും ചെയ്തു. താരിഫ് യുഎസിന് വളരെ പ്രധാനപ്പെട്ടതാണ്” – ട്രംപിന്റെ വാക്കുകള്‍.












