ആലിംഗനമില്ല, കൈകൊടുത്ത് കുശലാന്വേഷണം; 16 മാസത്തിന് ശേഷം ജി7 വേദിയിൽ ഒന്നിച്ചിരുന്ന് മോദിയും ട്രംപും

എവിയാൻ (ഫ്രാൻസ്): ഫ്രാൻസിലെ റിസോർട്ട് നഗരമായ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആഗോള നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യു.എ.ഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി.

ട്രംപുമായി 16 മാസങ്ങൾക്ക് ശേഷം കൂടിക്കാഴ്ച

16 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നേരിൽ കാണുന്നത്. ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ അടുത്തടുത്ത സീറ്റുകളിലാണ് ഇരുനേതാക്കളും ഇരുന്നിരുന്നത്. പതിവ് ആലിംഗനത്തിന് പകരം ഊഷ്മളമായ ഹസ്തദാനത്തോടെയാണ് ഇരുവരും പരസ്പരം സ്വീകരിച്ചത്. ഇരുവരും തമ്മിൽ ചെറുതായി സംസാരിക്കുന്ന ചിത്രം പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ബുധനാഴ്ച ഇരുവർക്കുമിടയിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടക്കുമെന്നാണ് സൂചന.

ഇരുവരും ‘ആലിംഗനത്തിന്’ പകരം കേവലം ‘ഹസ്തദാനം’ മാത്രം നൽകിയതിന് പിന്നിൽ വ്യക്തമായ നയതന്ത്ര-രാഷ്ട്രീയ കാരണങ്ങളുണ്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം കടുത്ത നികുതികൾ (Tariffs) ചുമത്തിയിരുന്നു. ഇന്ത്യയും യു.എസും തമ്മിൽ ഒരു താൽക്കാലിക വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ കടുത്ത സാമ്പത്തിക നിലപാടുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നേരിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വെടിനിർത്തൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില അനാവശ്യ പ്രതികരണങ്ങൾ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. കൂടാതെ പ്രാദേശിക വിഷയങ്ങളിൽ പാകിസ്ഥാനെ അനുകൂലിക്കുന്ന തരത്തിലുള്ള യു.എസിന്റെ ചില നിലപാടുകളും ഇന്ത്യയെ ജാഗരൂകരാക്കിയെന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) എത്രയും വേഗം പൂർത്തിയാക്കാൻ ധാരണയായി. വരാനിരിക്കുന്ന ഡിസംബറിലെ ജി20 ഉച്ചകോടിക്ക് മുൻപായി ഈ കരാർ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രധാന ഊർജ്ജ സുരക്ഷാ പങ്കാളിയാകാൻ കാനഡയ്ക്ക് സാധിക്കുമെന്ന് മോദി വ്യക്തമാക്കി. എൽ.എൻ.ജി, എൽ.പി.ജി, മെറ്റലർജിക്കൽ കോൾ എന്നിവയുമായി ബന്ധപ്പെട്ട വാണിജ്യ ക്രമീകരണങ്ങൾ ഇരുനേതാക്കളും അവലോകനം ചെയ്തു.

പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘ജനറൽ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ എഗ്രിമെൻ്റ്’ സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാനും ഇരു പ്രധാനമന്ത്രിമാരും തീരുമാനിച്ചു. നൈപുണ്യ വികസനം, ഇന്നൊവേഷൻ പങ്കാളിത്തം, വിദ്യാഭ്യാസ സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ‘കാനഡ-ഇന്ത്യ ടാലന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി’യുടെ പുരോഗതിയും ചർച്ചയായി.ബ്രിട്ടനുമായി സാങ്കേതിക വിദ്യയിലും നിക്ഷേപത്തിലും സഹകരണംയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്നൊവേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), നൈപുണ്യ വികസനം, കായികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നിക്ഷേപ ബന്ധങ്ങൾ എങ്ങനെ വർദ്ധിപ്പിക്കാമെന്നും യോഗം വിലയിരുത്തി.

No hugs, just handshakes; Modi and Trump sit together at G7 after 16 months

More Stories from this section

family-dental
witywide