കിരീടം നിലനിർത്താൻ അർജൻ്റീന; ആഫ്രിക്കൻ കരുത്തുമായി അൾജീരിയ: മെസ്സിക്ക് ചരിത്രപരമായ 200-ാം മത്സരം, ലോകകപ്പിൽ തീപാറും പോരാട്ടം തുടങ്ങി

കൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആഫ്രിക്കൻ ശക്തികളായ അൾജീരിയയെ നേരിടുന്നു. അമേരിക്കയിലെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 6:30-നാണ് ആവേശകരമായ ഈ മത്സരം ആരംഭിച്ചത്. പോളിഷ് റഫറിയായ സിമോൺ മാർസിനിയാക് നിയന്ത്രിക്കുന്ന ഈ പോരാട്ടം ഇരു ടീമുകൾക്കും ടൂർണമെൻ്റിലെ ആദ്യ മത്സരമാണ് .

അർജൻ്റീനയുടെ ഇതിഹാസ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ 200-ാം അന്താരാഷ്ട്ര മത്സരമാണിത് എന്ന സവിശേഷതയും ഈ പോരാട്ടത്തിനുണ്ട്. കൂടാതെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ താരം എന്ന ചരിത്ര റെക്കോർഡും ഈ മത്സരത്തോടെ മെസ്സി സ്വന്തമാക്കി. 38-കാരനായ താരം അടുത്തിടെയുണ്ടായ ഹാംസ്ട്രിങ് പരിക്ക് പൂർണ്ണമായും ഭേദമാക്കിയാണ് ലയണൽ സ്കലോണിയുടെ അൽബിസെലസ്റ്റുകളെ നയിക്കാൻ ബൂട്ട് കെട്ടിയിരിക്കുന്നത്. 1962-ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം തുടർച്ചയായി നിലനിർത്തുന്ന ആദ്യ രാജ്യം എന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് കോൺമെബോൾ യോഗ്യതാ റൗണ്ടിലെ ചാമ്പ്യന്മാരായ അർജൻ്റീന കളത്തിലിറങ്ങിയിരിക്കുന്നത്.

മറുവശത്ത് 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അൾജീരിയ ലോകകപ്പ് വേദികളിലേക്ക് തിരിച്ചെത്തുന്നത്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജിയിൽ കളിച്ച എട്ട് മത്സരങ്ങളും വിജയിച്ചാണ് ‘ഡെസേർട്ട് ഫോക്സസ്’ ലോകകപ്പിന് യോഗ്യത നേടിയത്. സൂപ്പർ താരം റിയാദ് മഹ്‌റെസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ, പ്രതിരോധം ശക്തമാക്കിയുള്ള 5-2-3 ഫോർമേഷനിലാണ് കോച്ച് വ്ലാഡിമിർ പെറ്റ്കോവിച്ച് അർജൻ്റീനയെ നേരിടാൻ തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നത്.

അർജൻ്റീനിയയുടെ നിരയിൽ ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എത്തുമ്പോൾ പ്രതിരോധത്തിൽ മോണ്ടിയൽ, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ഫാകുണ്ടോ മെദീന എന്നിവർ അണിനിരക്കുന്നു. ഡി പോൾ, മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവർ മധ്യനിര നിയന്ത്രിക്കുമ്പോൾ മെസ്സിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസും തിയാഗോ അൽമാഡയുമാണ് മുന്നേറ്റ നിരയിലുള്ളത്. അൾജീരിയയ്ക്കായി ലൂക്കാ സിദാൻ ഗോൾകീപ്പറായി എത്തുമ്പോൾ ബെൻസെബായ്നി, ഐത്-നൂറി, ഇബ്രാഹിം മാസ, അമീൻ ഗൗരി തുടങ്ങിയ പ്രമുഖ താരങ്ങൾ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ജോർദാനെ നേരിടും.

Argentina-Algeria match begins

More Stories from this section

family-dental
witywide