2024ലെ ന്യൂയോര്‍ക്ക് കര്‍ഷകശ്രീ – പുഷ്പശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ശ്രീകുമാര്‍ ഉണ്ണിത്താന്‍ കര്‍ഷകശ്രീ, ലാലി കളപ്പുരക്കല്‍ പുഷ്പശ്രീ

ന്യൂയോര്‍ക്ക്: പരിമിത കാലാവസ്ഥയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ തല്‍പ്പരായവരെയും വീടുകളുടെ മുന്‍ഭാഗം പൂന്തോട്ടങ്ങളാല്‍ മനോഹരമാക്കുവാന്‍ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് ‘അമേരിക്കന്‍ കര്‍ഷകശ്രീ ന്യൂയോര്‍ക്ക്’. ന്യൂയോര്‍ക്കിലെ ക്വീന്‍സ് – ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകൃതമായി 2009-ല്‍ സ്ഥാപിതമായ ഈ മലയാളീ കൂട്ടായ്മ 2024-ലെ കര്‍ഷകശ്രീ – പുഷ്പശ്രീ ജേതാക്കളെ പ്രഖ്യാപിച്ചു. ഫൊക്കാനാ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനാണ് ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ്. ലോങ്ങ് ഐലന്‍ഡ് മലയാളീ സമൂഹത്തില്‍ വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായ ലാലി കളപ്പുരക്കലിനാണ് പുഷ്പശ്രീ അവാര്‍ഡ് ലഭിച്ചത്.

മുന്‍ സ്‌പോര്‍ട്‌സ് താരവും അത്‌ലറ്റിക്‌സില്‍ ഏഷ്യന്‍ ഗെയിംസ് ജേതാവുമായ ബെന്നി ജോണിനാണ് കര്‍ഷകശ്രീ അവാര്‍ഡ് രണ്ടാം സ്ഥാനം ലഭിച്ചത്. ലോങ്ങ് ഐലന്‍ഡ് ഭാഗത്തെ സ്ഥിര താമസക്കാരനും കൃഷി തല്പരനുമായ റോയി മാണി കര്‍ഷകശ്രീ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാബിലോണില്‍ താമസിക്കുന്ന കാതൊലിക് ഹെല്‍ത്ത് കെയറില്‍ നേഴ്സായ സുഷമാ സ്വര്‍ണ്ണകുമാര്‍ പുഷ്പശ്രീ രണ്ടാം സ്ഥാനവും, ക്വീന്‍സ് ബെല്ലറോസില്‍ താമസക്കാരിയായ ഷേര്‍ളി പ്രാലേല്‍ പുഷ്പശ്രീ മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി.

”കര്‍ഷകശ്രീ”ക്കുള്ള ഒന്നാം സമ്മാനമായ എവര്‍ റോളിങ്ങ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവര്‍ ബാങ്ക് എന്നിവയുടെ സാരഥിയുമായ വര്‍ക്കി എബ്രഹാമാണ് സ്‌പോണ്‍സര്‍ ചെയ്തത്. ”പുഷ്പശ്രീ”-യുടെ ഒന്നാം സമ്മാനമായി എവര്‍ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാന്‍ഡറുമായ വര്‍ഗ്ഗീസ് ചാമത്തിലാണ് സ്‌പോണ്‍സര്‍ ചെയ്തത്. അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രത്യേക സമ്മാനദാന ചടങ്ങില്‍ വച്ച് പിന്നീട് ട്രോഫികള്‍ സമ്മാനിക്കും.

More Stories from this section

family-dental
witywide