മഞ്ചേരിയില്‍ പുലര്‍ച്ചെ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്, 4 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം : മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ നാലുപേര്‍ കസ്റ്റഡിയിലായി. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. നാല് വീടുകളില്‍ നിന്ന് ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലായവരില്‍ ഒരാള്‍ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയാക്കി. കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് വീട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമായാല്‍ വിട്ടയയ്ക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.