നിലമ്പൂർ തിരഞ്ഞെടുപ്പ്; തോറ്റത് പിണറായിസം, വി ഡി സതീശൻ്റെ നിലപാടാണ് ശരിയെന്നും തെളിഞ്ഞു

നിലമ്പൂര്‍: തുടര്‍ഭരണ ഇന്നിങ്‌സിനുള്ള ഓപ്പണിങ്ങായി നിലമ്പൂർ തിരഞ്ഞെടുപ്പിനെ കണ്ട എല്‍ഡിഎഫിൻ്റെ ആദ്യ വിക്കറ്റാണ് യുഡിഎഫ് വീഴ്ത്തിയത്. പിവി അൻവറിൻ്റെ ഭാഷയിൽ പറഞ്ഞാൽ പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ യുഡിഎഫ് ബങ്കർ ബസ്റ്റർ ബോംബിട്ടു.

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യമായി ഇടതുമുന്നണി ഒരു സിറ്റിങ് സീറ്റില്‍ തോറ്റു. അതും തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പടിവാതില്‍ക്കല്‍ വച്ച്.

നിലമ്പൂരിലെ തോല്‍വി എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത തിരിച്ചടിയാണ്.

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന ആക്ഷേപം, പൂരം കലക്കല്‍, എഡിജിപി അജിത് കുമാറിന്റെ ദുരൂഹമായ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, അഡിഎം നവീൻ ബാബുവിൻ്റെ മരണം, നവകേരള യാത്രയും രക്ഷാപ്രവര്‍ത്തനവും മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും അങ്ങനെ വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണ് ഈ ഭരണകാലം.

യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം എന്ന ഒറ്റ അജൻഡയിലൂന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. അതുണ്ടാക്കാവുന്ന ധ്രുവീകരണം കാര്യങ്ങള്‍ അനുകൂലമാക്കുമെന്നു വിചാരിച്ച് സെക്രട്ടറി എം.വി ഗോവിന്ദന്‍ വോട്ടെടുപ്പിന്റെ തലേന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക് പക്ഷേ ജനം അവിശ്വസിച്ചു.

എല്ലാറ്റിനും മീതെ സര്‍ക്കാരിനെതിരായ ജനവികാരം അലയടിച്ചത് തന്നെയാണ് ഈ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിനെ നയിച്ചത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നില്‍ക്കുമ്പോള്‍, ആശമാരെ അവഗണിച്ചപ്പോള്‍, പി.എസ് സി അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം കൂട്ടിയപ്പോൾ, പിഎസ് സി ലിസ്റ്റിലുള്ളവരുടെ നിയമനം അന്തമായി നീട്ടി നീട്ടി കാലാവധി കഴിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എൽഡിഎഫിന് അറിയായ്കയല്ല. എല്ലാം വികസനം എന്ന ഒറ്റ പേരിൽ ജനം മറക്കുമെന്ന് പിണറായിയും ഇടതു പക്ഷവും കരുതുന്നുണ്ടെങ്കിൽ അതിനൊക്കെ മേലെയാണ് ജനവികാരം എന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥാനാർഥി എത്ര വലിയ പണ്ഡിതനും ചരിത്രകാരനും വാഗ്മിയുമൊക്കെയാണെങ്കിലും ജനങ്ങളുമായുള്ള ഒരു ബന്ധം എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് സിപിഎം പോലുള്ള സാധാരണക്കാരുടെ പാർട്ടി മറന്നു പോകുന്നതും കഷ്ടംതന്നെയാണ്.

നിലമ്പൂരില്‍ അന്‍വര്‍ സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ അന്‍വര്‍ തന്നെ യുഡിഎഫിന് പാരയാകുമെന്ന് കണക്കുകൂട്ടി അതില്‍ ജയിച്ചുകയറാമെന്ന സിപിഎം കണക്കൂകൂട്ടലാണ് പൊളിഞ്ഞുപോയത്. ആ ധൈര്യമാണ് സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് പോലും പാര്‍ട്ടിയെ നയിച്ചത്. സെക്രട്ടേറിയറ്റ് അംഗമാണ് തോറ്റത്.

വിജയത്തിലേക്ക് ഒറ്റമൂലിയില്ല, അനീതിയും അമിതാധികാര ജനം മറക്കില്ല. വനമൃഗ ശല്യം ജീവിതത്തെ അമ്മാനമാടുന്ന മലയോരത്തെ ജനങ്ങളുടെ സങ്കടങ്ങൾ കാണാതെ പാട്ടുംപാടിയിരിക്കുന്ന മന്ത്രിമാർക്കും ജനം മാർക്കിടും ഇതൊന്നും ഇടതുമുന്നണി മറക്കേണ്ട.

കോൺഗ്രസിലെ അടികൾ എല്ലാം മറന്ന് അൻവറിൻ്റെ ഭീഷണികൾക്ക് വഴങ്ങാതെ യുഡിഎഫ് എടുത്ത നിലപാട് വിജയിച്ചു എന്നതിന് തെളിവാണ് ഈ വിജയം . ഈ തിരഞ്ഞെടുപ്പിലെ കിങ്മേക്കർ വി.ഡി. സതീശൻ തന്നെയാണ്. ഈ വിജയത്തോടെ വരുന്ന തിരഞ്ഞെടുപ്പിലേക്ക് പോകാൻ കോൺഗ്രസിന് പുതിയ ഊർജമാണ്ലഭിച്ചിരിക്കുന്നത്.

ആര്യാടന്‍ മുഹമ്മദിന് ചുറ്റും കറങ്ങിത്തിരിയുന്നതായിരുന്നു മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്. ആര്യാടനപ്പുറം ഇവിടെ കോണ്‍ഗ്രസിന് മറുവാക്കുണ്ടായിരുന്നില്ല. ആര്യാടൻ അവശേഷിപ്പിച്ച ആ പാരമ്പര്യം ഇപ്പോൾ മകൻ ഏറ്റെടുത്തിരിക്കുകയാണ്.

Nilambur Election result Analysis